ലഖ്‌നൗ: പടിഞ്ഞാറന്‍ യുപിയിലെ ദീര്‍ഘ പര്യടനം അവസാനിച്ചതിന് ശേഷം കിഴക്കന്‍ യുപിയിലേക്ക് ശ്രദ്ധ കൊടുക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മത്സ്യ തൊഴിലാളികളുടെ പിന്തുണ നേടി കോണ്‍ഗ്രസ് നടത്തുന്ന ‘നദി അധികാര്‍ യാത്ര’യില്‍ പ്രിയങ്ക സജീവ പങ്കാളിയാവും. കേരളത്തിലെ ആഴക്കടല്‍ മത്സ്യ ബന്ധന വിവാദവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി മത്സ്യ തൊഴിലാളികളെ കണ്ടിരുന്നു. അതിന് ശേഷമാണ് യുപിയില്‍ മത്സ്യ തൊഴിലാളികളെ കാണാനെത്തുന്നത്.
കിഴക്കന്‍ യുപിയിലെ എട്ട് വലിയ പ്രദേശങ്ങളില്‍ ജീവിക്കുന്ന മത്സ്യ തൊഴിലാളികളുമായി പ്രിയങ്ക സംവദിക്കും. 20 ദിവസത്തെ യാത്രയാണ് സംഘടിപ്പിക്കുന്നത്. പ്രയാഗ് രാജില്‍ നിന്നാരംഭിക്കുന്ന യാത്ര ബാലിയയില്‍ അവസാനിക്കും. അതിനിടയില്‍ മിര്‍സാപൂര്‍, ബദോഹി, വാരണാസി, ചന്ദൗസി, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ പ്രിയങ്ക ഗാന്ധി മത്സ്യ തൊഴിലാളികളെ കാണും. കഴിഞ്ഞാഴ്ച പ്രാദേശിക പൊലീസ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച പ്രയാഗ് രാജിലെ മത്സ്യ തൊഴിലാളികള്‍ക്ക് പ്രിയങ്ക ഗാന്ധി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
നദി വിഭവങ്ങളില്‍ അടിസ്ഥാനപരമായ അവകാശം മത്സ്യ തൊഴിലാളികള്‍ക്കാണെന്ന് നിരവധി ട്വീറ്റുകളിലൂടെ പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. കിഴക്കന്‍ യുപിയില്‍ വലിയ സ്വാധീനമുള്ള മത്സ്യ തൊഴിലാളി സമുദായമാണ് നിഷാദുകള്‍. ഇവരുടെ പിന്തുണ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാണ്. കിസാന്‍ പഞ്ചായത്തുകളില്‍ പ്രിയങ്ക പങ്കെടുത്തതിന് ശേഷമാണ് യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭം കോണ്‍ഗ്രസ് തുടരുമെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിരുന്നു.
Post Your Comments