“മരിക്കും സ്മൃതികളിൽ ജീവിച്ചു പോരും ലോകം മറക്കാൻ പഠിച്ചത് നേട്ടമാണെന്നാകിലും..
ഹസിക്കും പൂക്കൾ പൊഴിഞ്ഞില്ലെങ്കിലൊരുനാളും
വസന്തം വസുധയിൽ വന്നിറങ്ങില്ലെന്നാലും
വ്യർത്ഥമായാവർത്തിപ്പൂ വ്രണിത പ്രതീക്ഷയാൽ മർത്യനീ പദം രണ്ടും.. ഓർക്കുക വല്ലപ്പോഴും.. ഓർക്കുക വല്ലപ്പോഴും..”
അനശ്വര കവിയും, ഗാനരചയിതാവുമായ പി. ഭാസ്കരൻ ഓർമ്മയിലേക്ക് നടന്നകന്നിട്ട് ഇന്ന് പതിന്നാല് വർഷം തികയുന്നു. പുല്ലൂറ്റുപാടത്ത് ഭാസ്‌കരൻ എന്ന പി. ഭാസ്‌കരൻ തന്റെ 83 വർഷത്തെ ജീവിതത്തിനിടയിൽ ഇരുനൂറ്റിയമ്പതിലധികം ചിത്രങ്ങൾക്കായി മൂവായിരത്തിലധികം ഗാനങ്ങൾ രചിച്ചു.
കവി, ഗാനരചയിതാവ് എന്നതിനപ്പുറം ചലച്ചിത്ര സംവിധായകന്റെയും, ജേർണലിസ്റ്റിന്റെയും മേലങ്കിയണിഞ്ഞിട്ടുണ്ട് അദ്ദേഹം. മലയാളത്തിൽ ഏകദേശം നാല്പത്തിയഞ്ചോളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു.
കവിതകളിലും ഗാനങ്ങളിലും ഭാഷയുടെ ലാളിത്യം നിറച്ച കവിയായിരുന്നു ഭാസ്കരൻ മാഷ്. അദ്ദേഹത്തെ അനുസ്മരിച്ച് യുവ ഗാനരചയിതാവായ ബി. ഹരിനാരായണൻ എഴുതിയ കുറിപ്പിലേക്ക്.
‘എം. ടി സാറുമായി ഒരു സ്വകാര്യസംഭാഷണത്തിന് അവസരം കിട്ടിയപ്പോൾ, ഏറെ ബഹുമാനത്തോടെ ഭാസ്കരൻ മാഷെ കുറിച്ച് ചോദിച്ചു.
ചുണ്ടത്തേക്ക് ഒരു ബീഡി വച്ച് കൊളുത്തി, വാക്കിൻ്റെ ചൂട്ടു വെളിച്ചത്തിൽ, ഏറെ ആവേശത്തോടെ, അദ്ദേഹം പല അനുഭവങ്ങളും പറഞ്ഞു. അതിലൊന്ന് 1967 ലെ “നഗരമേ നന്ദി ” എന്ന സിനിമയിലെ കമ്പോസിങ്ങിനെ കുറിച്ചായിരുന്നു. വിൻസൻ്റ് മാഷ് സംവിധാനം ചെയ്ത ആ ചിത്രം എഴുതിയത് എം. ടി സാറണല്ലോ.
മഞ്ഞണിപ്പൂനിലാവ് എന്ന പാട്ട് ഭാസ്കരൻ മാഷ് എഴുതിക്കഴിഞ്ഞ സമയമാണ്. അതിലെ വരികൾ വായിച്ച് എം. ടി, മാഷോട് ഒരു സംശയം ചോദിച്ചു.
അല്ല മാഷേ ഈ താന്നിയൂരമ്പലം എവിടെയാ ?
എവിടെയാണെന്നാ വാസൂന് തോന്ന്യേ?
കുമ്പിടി, കുമരനല്ലൂർ ഭാഗത്ത് ഉള്ള ഒരു സ്ഥലമാണെന്ന് തോന്നുന്നുണ്ട്. പക്ഷെ എവിടെയാണെന്ന് കൃത്യമായി കിട്ടുന്നില്ല. എം. ടി മറുപടി പറഞ്ഞു. ഭാസ്കരൻ മാഷ് ഒന്ന് ചിരിച്ചു.
” വാസൂൻ്റെ അടുത്തുള്ള, പരിചയമുള്ള, ഒരു സ്ഥലമാണെന്ന് കേട്ടപ്പോൾ തോന്നീല്ലേ? ആ തോന്നലെ പാട്ടിൽ വേണ്ടൂ, ഉണ്ട് എന്നുള്ള തോന്നൽ. വാസ്തവത്തിൽ അങ്ങനൊന്ന് ഉണ്ടാവണം എന്നില്ല. അദ്ദേഹം പറഞ്ഞു നിർത്തി. എം. ടി സാർ സ്വതസിദ്ധമായ ശൈലിയിൽ ചെറുതായൊന്നു ചിരിച്ചു’.
തോന്നലുകൾ കൊണ്ട് കെട്ടിയ അനേകം പാട്ടിൻ്റെ ചൂട്ടു വെളിച്ചം കൊണ്ട് മലയാളിയുടെ, പ്രണയങ്ങളെ സ്വപ്നങ്ങളെ, വിഷാദങ്ങളെ ,സന്തോഷങ്ങളെ എല്ലാം വഴി നടത്തിയ പാ(നാ)ട്ടു മാന്ത്രികൻ്റെ ഓർമ ദിനമാണിന്ന്.
ആകാശത്ത് പോലെയുള്ളത് ഇവിടെയില്ലല്ലൊ എന്ന് നമ്മൾ പരിഭവപ്പെടുമ്പോൾ, ആകാശത്തിനാണ് നന്മയെന്ന് വിചാരിച്ച് ഭൂമിയിലെ ഓരോന്നിനേയും നമ്മൾ ആകാശത്തോട് താരതമ്യം ചെയ്യുമ്പോൾ
‘താരമേ താരമേ നിൻ്റെ നാട്ടിൽ ഞങ്ങൾക്കുള്ളതുപോലെ തങ്കക്കിനാവുകളുണ്ടോ’ എന്ന് നക്ഷത്രത്തോട് തിരിച്ച് ചോദിക്കുകയാണ് മാഷ് ചെയ്യുന്നത്.
നമ്മുടെ നാത്തുമ്പിലുള്ള സാധാരണ വാക്കുകളെ കൊണ്ട് മാഷ് പാട്ടിൻ്റെ മഴവില്ലലകെട്ടുമ്പോൾ നമ്മൾ അത്ഭുതത്തോടെ കേട്ടിരിക്കുന്നു. ഭൂമിയുള്ളിടത്തോളം കാലം ആ പാട്ടുകൾ അനന്തതയുടെ മഹാസമുദ്രം പോലെ ഇവിടെ നിറഞ്ഞ് കവിയുന്നു.
Post Your Comments