കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതിർത്തി യാത്രയിൽ നിയന്ത്രണം ഏർപ്പെടുത്തിയ നടപടിക്കെതിരെ കർണാടക ഹൈക്കോടതിയുടെ നോട്ടീസ്. നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ നൽകിയ ഹർജിയുടെ പശ്ചാത്തലത്തിൽ, കർണാടക സർക്കാരിനും കേന്ദ്രസർക്കാരിനും ദക്ഷിണ കന്നഡ ജില്ലയുടെ ദുരന്ത നിവാരണ സമിതി അധ്യക്ഷനുമായ ഡെപ്യൂട്ടി കമ്മിഷണർക്കുമാണ് നോട്ടീസയച്ചത്. അതേസമയം, നിലവിലുള്ള നിയന്ത്രണങ്ങൾക്ക് താത്കാലികസ്റ്റേ ഇല്ല.
അതിർത്തി ചെക്ക് പോസ്റ്റുകൾ അടച്ച നടപടി കേന്ദ്ര സർക്കാരിന്റെ കൊവിഡ്-19 അൺലോക്ക് നാലാംഘട്ടത്തിലെ യാത്രാ ഇളവുകൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ബി. സുബ്ബയ്യ റായി നൽകിയ പരാതിയിന്മേലാണ് നടപടി. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവസ് ഒക്ക, ജസ്റ്റിസ് സച്ചിൻ ശങ്കർ എന്നിവരടങ്ങിയ ബെഞ്ചാണ് നടപടി സ്വീകരിച്ചത്.
അതേസമയം, യാത്രാ നിരോധനമല്ല, ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് കർണാടക സർക്കാറിന്റെ വാദം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി കർണാടക സർക്കാർ കേരള- കർണാടക അതിർത്തിയിൽ യാത്രാ നിരോധനം ഏർപ്പെടുത്തുന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ 12 അതിർത്തി ചെക്ക്‌പോസ്റ്റുകൾ അടക്കുകയും ബാക്കിയുള്ള അഞ്ച് ചെക്ക്‌പോസ്റ്റുകളിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവരെ മാത്രം കടത്തിവിടാനുമായിരുന്നു കർണാടക സർക്കാറിന്റെ തീരുമാനം.
Post Your Comments