കോഴിക്കോട് : ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് യു.എസ്. കമ്പനി ഇ.എം.സി.സി.യുമായി ധാരണാപത്രം ഉണ്ടാക്കിയ വിഷയത്തിൽ നിലപാട് മാറ്റി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. മാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുകയാണെന്നും ഇ.എം.സി.സി. മുഖ്യമന്ത്രിയെ കണ്ടതിൽ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു. കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധനതുറമുഖം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തന്നെ മാത്രമാണ് കമ്പനി പ്രതിനിധികൾ കണ്ടതെന്നായിരുന്നു കഴിഞ്ഞദിവസം മന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയുമായും പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയതായി ചെന്നിത്തല ഞായറാഴ്ച ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് മുഖ്യമന്ത്രിയേയും കമ്പനിപ്രതിനിധികൾ കണ്ടിരുന്നതായി മന്ത്രി തിങ്കളാഴ്ച വ്യക്തമാക്കിയത്. മുഖ്യമന്ത്രിയോടോ ഫിഷറീസ് വകുപ്പിനോടെ ചർച്ച ചെയ്യാതെയാണ് കെ.എസ്.ഐ.എൻ.സി എന്ന പൊതുമേഖലാസ്ഥാപനം കരാർ ഉണ്ടാക്കാൻ തീരുമാനിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി. സർക്കാരിന്റെ നയത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥർ അത്തരം നടപടി സ്വീകരിച്ചതെന്നും കോർപ്പറേഷൻ എം.ഡി. എൻ. പ്രശാന്തിനെ പരോക്ഷമായി സൂചിപ്പിച്ച് മന്ത്രി പറഞ്ഞു.
ഐ.എ.എസുകാർക്ക് മിനിമം വിവരം വേണം. ഭൂമിയിലെ എല്ലാകാര്യവും അറിയാമെന്ന് ആരും ചിന്തിക്കരുത്. 400 ട്രോളറുകൾ നിർമ്മിക്കുമെന്നൊക്കെ എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു. ആരോട് ചോദിച്ചിട്ടാണ് കരാർ ഉണ്ടാക്കിയത്. സർക്കാർ നയത്തിന് വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥൻ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.
തിണ്ണമിടുക്കുള്ളവർ വെള്ളയിലുണ്ട്. അതിനേക്കാൾ കൂടുതലാളുകൾ താനൂരുമുണ്ട്. പക്ഷെ, ഇവരെ അകത്തുകയറ്റാതിരിക്കാനാണ് ഹാർബറുകൾക്ക് സുരക്ഷ ഒരുക്കുന്നതെന്നും ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
Post Your Comments