Latest NewsKeralaNews

ക്വാറന്റീനില്‍ കഴിയുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്ന യുവതിയുടെ വ്യാജപരാതി

യുവതിയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി, ലൈംഗികബന്ധം നടന്നത് പരസ്പര സമ്മതത്തോടെ

തിരുവനന്തപുരം: ക്വാറന്റീനില്‍ കഴിയുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന വ്യാജപരാതി നല്‍കിയ യുവതിയ്ക്ക് തിരിച്ചടി. യുവതിയ്‌ക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. യുവതിയുടെ പരാതി വ്യാജമാണെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വ്യാജപരാതി നല്‍കിയ യുവതിയുടെ നടപടി ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്നതാണെന്ന് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. യുവതിയ്‌ക്കെതിരെ കേസെടുത്ത് കൃത്യമായ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കി. ബന്ധുക്കളുടെ സമ്മര്‍ദം മൂലമാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ പരാതി നല്‍കിയതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു.

Read Also : കേരളം ഒഴിച്ച് ഇന്ധനവില പിടിച്ചുനിര്‍ത്തി മറ്റ് സംസ്ഥാനങ്ങള്‍

യുവതി ക്വാറന്റീനില്‍ കഴിയവെ പീഡിപ്പിക്കപ്പെട്ടുവെന്ന് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഭരതന്നൂര്‍ സ്വദേശിയായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവര്‍ത്തകന്റെ വീട്ടില്‍ പോയപ്പോഴായിരുന്നു പീഡിപ്പിക്കപ്പെട്ടതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. ആരോഗ്യപ്രവര്‍ത്തകന്റെ ഭരതന്നൂരിലെ വീട്ടില്‍വെച്ച് യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

സെപ്റ്റംബര്‍ മൂന്നിനാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് വേണ്ടിയായിരുന്നു പ്രദീപിനെ സമീപിച്ചത്. ഭരതന്നൂരിലെ വീട്ടിലെത്തിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.

എന്നാല്‍ പിന്നീട് പീഡനം നടന്നിട്ടില്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്നും പരാതിക്കാരിയായ യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സത്യവാങ്മൂലം പരിഗണിച്ച് പ്രതിക്ക് ജാമ്യം നല്‍കിയ കോടതി യുവതിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button