Latest NewsNewsIndia

സർക്കാരിന്റെ ആഗോള നിക്ഷേപക സംഗമ പദ്ധതി സമ്പൂർണ പരാജയം ; ഉൽഘാടനത്തിന് മാത്രം ചെലവഴിച്ചത് മൂന്ന് കോടി രൂപ

കൊച്ചി : കേരളത്തെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കി അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ട് കൊച്ചിയില്‍ നടത്തിയ ആഗോള നിക്ഷേപക സംഗമമായ ‘അസന്റ്‌ കേരള 2020’ ചെലവിട്ടത് 3,05,02,422 രൂപയെന്ന് വിവരാവകാശ രേഖ. ഇതില്‍ ഞെട്ടിപ്പിക്കുന്നത് അസന്റിന്റെ വെബ്‌സൈറ്റ് നിര്‍മിക്കാനും പ്രചാരണ വീഡിയോയ്ക്കും മാത്രം നല്‍കിയത് 36.58 ലക്ഷം രൂപയാണെന്നതാണ്.

Read Also : കേരളത്തിലെ കര്‍ഷകരുടെ പ്രതിസന്ധിക്ക് കാരണക്കാരൻ രാഹുൽ ഗാന്ധി : സി പി എം

വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിയാണ് കെഎസ്‌ഐഡിസിയില്‍നിന്ന് വിവരം ശേഖരിച്ചത്. പരിപാടി നടത്തിയ ഹോട്ടലിന്റെ വാടക, ഭക്ഷണം, താമസം എന്നിവയ്ക്കായി നല്‍കിയത് 1.19 കോടി രൂപ. കൃത്യമായി പറഞ്ഞാല്‍ 1,19,10,089 രൂപ. ഇത് കൂടാതെ നോളഡ്ജ് പാര്‍ട്ടണര്‍ക്ക് നല്‍കിയത് 45 ലക്ഷം. പരിപാടിയുടെ പ്രചാരണത്തിനായി തയാറാക്കിയ കോഫി ടേബിള്‍ ബുക്കിന് ചെലവിട്ടത് 23 ലക്ഷം.

വെബ്‌സൈറ്റ് നിര്‍മാണത്തിനും പ്രചാരണ സാമഗ്രി സംവിധാനത്തിനും സംസ്ഥാന സര്‍ക്കാരിന്റെ സിഡിറ്റ് സ്ഥാപനമുള്ളപ്പോള്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ വെബ് ഡിസൈനിങ് കമ്പനിക്കാണ് കരാര്‍ നല്‍കിയത്. മറ്റ് ചെലവ് കണക്കുകള്‍ ഇങ്ങനെയാണ്: ഇവന്റ് മാനേജ്മന്റിന് 59,98,833 രൂപ, ഡെലിഗേറ്റ് കിറ്റ്, സാംസ്‌കാരിക പരിപാടി എന്നിവയ്ക്ക് 15,45,500, ബ്രാന്‍ഡിങ്, പബ്ലിസിറ്റി എന്നിവയ്ക്ക് മാത്രം 5,90,000.

2020 ജനുവരി 9 , 10 തീയതികളിലായിരുന്നു മേള. സമാപന ദിവസം വന്‍ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പുമന്ത്രി ഇ.പി. ജയരാജനും നടത്തിയത്. പദ്ധതികള്‍ക്ക് 45 ദിവസത്തിനകം അനുമതി, കുറഞ്ഞ നിരക്കില്‍ വൈദ്യുതി, വിവിധ സാമ്പത്തിക സഹായം തുടങ്ങിയവയും ഒരു ലക്ഷത്തിലേറെ പേര്‍ക്ക് തൊഴിലും വാഗ്ദാനം ചെയ്തു. ഒരു ലക്ഷം കോടിയുടെ പദ്ധതികള്‍ സമ്മേളനത്തില്‍ത്തന്നെ പ്രഖ്യാപിച്ചെന്നും അത് ഇന്ത്യന്‍ വ്യവസായ ചരിത്രത്തില്‍ ആദ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചു. പക്ഷേ, ഒറ്റ പദ്ധതിയും തുടങ്ങിയിട്ടില്ല, ഒന്നിനെ സംബന്ധിച്ചും കണക്കുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button