Latest NewsCinemaMollywoodNewsEntertainment

31 ആം വയസിൽ എൻ്റെ ജീവിതം മാറ്റിയത് മമ്മൂട്ടി; പ്രീസ്റ്റ് സംവിധായകനോട് ലാൽ ജോസിന് പറയാനുള്ളത്

ചിത്രീകരണം പൂർത്തിയാക്കി മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ‘പ്രീസ്റ്റ്’ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യർ, സാനിയ അയ്യപ്പൻ, എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നുണ്ട്. ജോഫിൻ ടി. ചാക്കോയ്ക്ക് ആശംസ അറിയിച്ചുകൊണ്ട് സംവിധായകൻ ലാൽ ജോസ് കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഏറെ കൈപ്പുണ്യമുളള കയ്യാണ് നിനക്ക് കൈ തന്നിരിക്കുന്നതെന്നും, തുടക്കം പൊന്നാകട്ടെയെന്നുമാണ് ലാൽജോസ് ജോഫിന് ആശംസകൾ അറിയിച്ചത്. തന്റെ സിനിമാസ്വപ്നത്തിനൊപ്പം നിൽക്കാൻ മമ്മൂട്ടിയെന്ന മഹാനടൻ തീരുമാനിച്ചയിടത്താണ് തന്റെ ജീവിതത്തിന്റെ റൂട്ട് മാറിയതെന്നും ലാൽജോസ് പറഞ്ഞു. മമ്മൂട്ടി നായകനായി അഭിനയിച്ച ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാൽ ജോസ് സ്വതന്ത്ര സംവിധായകനാവുന്നത്.

ലാൽ ജോസിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:

മുപ്പത്തിയൊന്ന് വയസ്സുളള ചെറുപ്പക്കാരന്റെ സിനിമാ സ്വപ്നത്തിനൊപ്പം നിൽക്കാൻ മമ്മൂട്ടിയെന്ന മഹാനടൻ തീരുമാനിച്ചയിടത്താണ് എന്റെ ജീവിതത്തിന്റെ റൂട്ട് മാറുന്നത്. എന്നെപോലെ സിനിമയുടെ വലിയ കോട്ടവാതിലുകൾക്കപ്പുറത്ത് പകച്ച് നിന്നിരുന്ന എത്രയോ നവാഗത സംവിധായകർ ആ ബലിഷ്ഠമായ കൈപിടിച്ച് ഇപ്പുറം കടന്നിരിക്കുന്നു. ഇരുപത്തിനാല് കൊല്ലം മുമ്പ് ഒരു ഡിസംബർ മാസത്തിൽ മറവത്തൂർ കനവിലെ ചാണ്ടിയോട് മൈക്കിലൂടെ ആക്ഷൻ പറഞ്ഞപ്പോൾ കൺമുമ്പിൽ മഹാനടൻ ഞങ്ങളുടെ കഥാപാത്രമായി മാറുമ്പോൾ ഉളളിൽ മുഴങ്ങിയ പ്രാർത്ഥനകൾ. അതേ ഗുരുത്വ ചിന്തയോടെ ഇക്കുറി മമ്മൂക്ക അവതരിപ്പിക്കുന്ന നവാഗത സംവിധായകൻ ജോഫിൻ ടി. ചാക്കോക്ക് എല്ലാ വിജയാശംസകളും നേരുന്നു.
പ്രിയ ജോഫിൻ, ഏറെ കൈപ്പുണ്യമുളള കയ്യാണ് നിനക്ക് കൈ തന്നിരിക്കുന്നത്. തുടക്കം പൊന്നാകട്ടെ!!

shortlink

Related Articles

Post Your Comments

Related Articles


Back to top button