
ഇന്ന് ലോകമാതൃഭാഷാ ദിനം. എന്താണ് ഇങ്ങനെ ഒരു ദിനം ആചരിക്കുന്നതെന്നു അറിയാമോ? ലോകത്ത് ഉള്ള ജനങ്ങൾ വ്യത്യസ്തമായ ഭാഷകൾ സംസാരിക്കുമ്പോൾ ലോക മാതൃഭാഷാ എന്ന പ്രയോഗത്തിന്റെ സാധ്യത എന്താണ്?
ലോകത്തിനാകെ ഒരു മാതൃഭാഷയില്ല. എന്നാൽ ഫെബ്രുവരി 21 നമ്മൾ ആഘോഷിക്കുന്നത് ലോകമാതൃഭാഷാ ദിനമായിട്ടാണ്. ലോകത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളും അവരുടെ മാതൃഭാഷയെക്കുറിച്ചു ചിന്തിക്കുന്ന, ഇതര ഭാഷകളെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും കാണുന്ന ഒരു ദിനമാണ് ലോകമാതൃഭാഷാ ദിനം എന്ന് പറയാം. രണ്ടായിരമാണ്ടിലാണ് ഐക്യരാഷ്ട്രസഭ ഫെബ്രുവരി 21 ലോകമാതൃഭാഷാ ദിനമായി പ്രഖ്യാപിക്കുകയും അംഗീകരിക്കുകയും ചെയ്തത്.
read also:കേരളത്തിലേക്കുള്ള യോഗിയുടെ വരവ് ആശങ്കയുണ്ടാക്കുന്നു, ഗൂഢലക്ഷ്യമുണ്ട്; വിജയരാഘവൻ
1952-ല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ ഉര്‍ദു ഭരണഭാഷയായി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നടന്ന കലാപത്തില്‍ ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ രക്തസാക്ഷിത്വം വരിച്ച ദിനമാണ് ഫെബ്രുവരി 21. പാക്കിസ്ഥാന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ത്തന്നെ ഉര്‍ദു ഏക ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കപ്പെട്ടു. അപ്പോള്‍ത്തന്നെ എതിര്‍പ്പുകളും അവിടെ ഉയര്‍ന്നുവന്നിരുന്നു. ബംഗാളി മാതൃഭാഷയായ ജനതയാണ് കിഴക്കന്‍ പാക്കിസ്ഥാനില്‍, അതായതു ഇന്നത്തെ ബംഗ്ലാദേശ്ശിൽ കൂടുതലും. അവരാണ് തങ്ങളുടെ ഭാഷയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തിയത്.
മാതൃഭാഷയായ ബംഗാളിക്കുവേണ്ടി അവര്‍ ആരംഭിച്ച പ്രക്ഷോഭത്തെ വെടിയുണ്ടകൾ കൊണ്ട് നേരിട്ട ഭരണകർത്താക്കൾ. 1952 ഫെബ്രുവരി 21-നും പിറ്റേന്നുമായി പലവട്ടം വെടിവെപ്പു നടന്നു. നിരവധിപേര്‍ ഇതിൽ കൊല്ലപ്പെട്ടു. തങ്ങളുടെ മാതൃഭാഷ ഔദ്യോഗികഭാഷയായി അംഗീകരിച്ചു കിട്ടാനുള്ള ഈ സമരം ഒരു പൗരാവകാശ പ്രശ്‌നമാണ്. ഒരു പ്രദേശത്തെ, രാജ്യത്തെ ജനതയ്ക്ക് അവരുടെ ഭാഷയില്‍ വിനിമയങ്ങള്‍ നടത്താന്‍ കഴിയാത്ത സ്ഥിതി മൗലികാവകാശത്തിന്റെ ലംഘനമാണെന്ന തിരിച്ചറിവ് ഇന്നും നമുക്കില്ല. ഭരണഭാഷ മലയാളത്തിൽ ആയിട്ടും ഇഗ്ളീഷിൽ എഴുതിയാൽ മാത്രം അപേക്ഷകൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർ ഇപ്പോഴും അധികാര കസേരയിൽ ഞെളിഞ്ഞിരിക്കുന്നുണ്ട്.
നവമാധ്യമങ്ങളുടെ വളർച്ചകാലത്ത് ഭാഷകൾക്കും ആഗോളവൽക്കരണം സംഭവിച്ചിരിക്കുകയാണ്. ചാറ്റ് ഭാഷയും, സോഷ്യൽ മീഡിയ ഭാഷയും സജീവമായതോടെ ഭാഷകളിൽ വൈരുദ്ധ്യവും വൈവിധ്യങ്ങളും ചേക്കേറി. കൊറോണയും ലോക് ഡൗണും സമ്മാനിച്ച ഓൺലൈൻ കാലത്ത് ഭാഷയുടെ അതിർവരമ്പുകൾ സാഹിത്യാദി സൃഷ്ടികളിൽ കൂടുതൽ തെളിമയോടെ നിറഞ്ഞു തുടങ്ങി.
ആറു മലയാളികൾക്ക് നൂറുമലയാളം എന്ന ചൊല്ല് ഇന്നും സജീവമാണ്. ഭാഷയുടെ പ്രാദേശിക സ്വത്വത്തെ എടുത്തുകാട്ടുന്ന ഈ കാലത്ത് ലോകം മുഴുവൻ മാതൃഭാഷാ ദിനം ആഘോഷിക്കുകയാണ്. ഭാഷ ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ്.
Post Your Comments