അർച്ചന
മണത്തറ നീലകരിങ്കാളി തെയ്യക്കോലധാരിയുടെ മടിയിലിരിക്കുന്ന കുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയ കീഴടക്കി മുന്നേറുകയാണ്. ഭക്തിയും വാത്സല്യവും ഒരു പോലെ ഉണർത്തുന്ന ചിത്രം പലരും സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസാക്കി മാറ്റുകയും ചെയ്തു. കടുത്ത ചായക്കൂട്ടുകൾ കൊണ്ട് ഭയം ജനിപ്പിക്കുന്ന രൂപവും ലാസ്യത്തിൽ നിന്നും രൗദ്രത്തിലേക്ക് ഭാവം പകരുന്നതുമാണ് തെയ്യക്കോലങ്ങൾ. സാധാരണ തെയ്യക്കോലത്തിന്റെ അടുത്തേക്ക് കുട്ടികൾ ഭയത്തോടെ മാത്രം അടുക്കുമ്പോളാണ് ഭയവും ആശങ്കയും ഇല്ലാതെ തെയ്യക്കോലത്തിന്റെ മാറിൽ ചേർന്നിരിക്കുന്ന കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തത്.
കണ്ണൂർ സ്വദേശിയായ ബിനു ആണ് മണത്തന നീലകരിങ്കാളി തെയ്യക്കോലം കെട്ടിയാടിയ ആ കലാകാരൻ. തെയ്യക്കോലം കെട്ടിക്കഴിഞ്ഞാൽ കെട്ടുന്നയാൾക്ക് ഭഗവതി സങ്കൽപം ഉണ്ടെന്നാണ് വിശ്വാസം.
കണ്ണൂർ പൊതുവാച്ചേരി സ്വദേശിയായ ബിനു അഞ്ചരകണ്ടി, പാളയം മുത്തപ്പൻ ക്ഷേത്രത്തിൽ തെയ്യക്കോലം കെട്ടിയാടുന്നതിനിടയിലാണ് ക്ഷേത്ര പരിസരത്ത് വച്ച് ക്ഷേത്രകാര്യക്കാരന്റെ ചെറുമകളെ കാണുന്നത്. തംബുരുവെന്നാണ് കുഞ്ഞിന്റെ പേര്. കണ്ണൂർ തലശേരി സ്വദേശി രഹ്നേഷാണ് ചിത്രം പകർത്തിയത്.
വരവിളിച്ച് തോറ്റം ചൊല്ലിക്കഴിഞ്ഞാൽ കനലാടിമാർക്ക് പിന്നെ ഭഗവതി സങ്കൽപമാണ്. കുഞ്ഞുങ്ങൾ ഭയത്തോടെ മാത്രമാണ് തെയ്യക്കോലത്തിന്റെ അടുത്തേക്ക് വരുന്നത്. എന്നാൽ, തെയ്യക്കോലം വിളിച്ചപ്പോൾ തെല്ലും ഭയമില്ലാതെ കുഞ്ഞ് അടുത്തേക്ക് ചെല്ലുകയും മടിയിലിരിക്കുകയുമായിരുന്നു. കുട്ടിയെ മടിയിലിരുത്തിയശേഷം അമ്മയാര് എന്ന് ചോദിച്ചപ്പോൾ, മടിയിലിരുത്തിയിരിക്കുന്നയാളാണ് തന്റെ അമ്മയെന്ന് കുട്ടി പറഞ്ഞു.
പതിനഞ്ചു വർഷത്തിലധികമായി തെയ്യക്കോലം കെട്ടിയാടുന്ന ബിനുവിന് ജീവിതത്തിൽ മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു അതെന്ന് ഈസ്റ്റ് കോസ്റ്റ് ഓൺലൈനിനോട് പറഞ്ഞു. ”മാതൃത്വത്തോട് ബഹുമാനവും ഭക്തിയും ഒരേപോലെ തോന്നിയ നിമിഷമായിരുന്നു. കുട്ടിയുടെ ആ നിഷ്‌കളങ്കതയാണ് ആളുകൾ ഏറ്റെടുത്തത്. ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തതിൽ വളരെ സന്തോഷമുണ്ട്. പലകുറി കരഞ്ഞതിന് ശേഷമാണ് സാധാരണ കുട്ടികൾ തെയ്യക്കോലത്തിന് അടുത്തേക്ക് വരാൻ കൂട്ടാക്കാറ്. എന്നാൽ, ആ മോള് തന്നെ ശരിക്കും അതിശയിപ്പിച്ചു. ദൈവീകതകൊണ്ടാവാം അത്. ചിത്രം പകർത്തിയവരും അത് എഡിറ്റ് ചെയ്ത് ആളുകളിലേക്ക് എത്തിച്ചരേയും ഓർക്കുന്നു” -ബിനു പറഞ്ഞു.
തലശേരി സ്വദേശിയായ ഷാജിത്താണ് ചിത്രം എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ കാണുന്ന ധാരാളം ചിത്രങ്ങൾ സ്റ്റാറ്റസ് വീഡിയോ ആയി ചിത്രീകരിച്ച് ഇടാറുണ്ട്. എന്നാൽ, ഇത് ചെയ്യുമ്പോൾ ഇത്രയും സ്വീകാര്യത ലഭിക്കുമെന്ന് കരുതിയില്ലെന്നും ഷാജിത്ത് ഈസ്റ്റ് കോസ്റ്റ് ഓൺലൈനോട് പറഞ്ഞു.
Post Your Comments