ന്യൂഡൽഹി : കോവിഡ് വാക്സിനേഷനിൽ റെക്കോർഡ് നേട്ടം കൈവരിച്ച് ഇന്ത്യ. ഒരു ദിവസം 6,58,674 പേർക്ക് വാക്‌സിൻ കുത്തിവെയ്പ്പ് നടത്തി റെക്കോർഡ് നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് രാജ്യം. വ്യാഴാഴ്ച്ചയാണ് രാജ്യത്ത് ഏറ്റവും അധികം പേർ കൊറോണ വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിച്ചത്.
ഒരു കോടി പേർക്ക് വാക്‌സിൻ നൽകിയെന്ന നിർണായക നേട്ടവും വ്യാഴാഴ്ച്ചയാണ് ഇന്ത്യ സ്വന്തമാക്കിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി മൻദീപ് ഭണ്ഡാരിയാണ് ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്ച്ച ആറു മണി വരെയുള്ള കണക്കുകൾ അനുസരിച്ച് 1,04,49942 പേരാണ് രാജ്യത്ത് ഇതുവരെ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചത്. 62,95,903 ആരോഗ്യ പ്രവർത്തകർ ആദ്യ ഘട്ട വാക്‌സിൻ ഡോസും 7,56,942 പേർ രണ്ടാം ഘട്ട ഡോസും സ്വീകരിച്ചു. 33,97,097 കൊറോണ മുൻനിര പോരാളികളും വാക്സിൻ എടുത്തു.
ജനുവരി 16 നാണ് ഇന്ത്യയിൽ വാക്സിനേഷൻ ആരംഭിച്ചത്. ഏറ്റവും വേഗം ഒരു കോടിയാളുകൾക്ക് വാക്‌സിൻ നൽകുന്ന രാജ്യം ഇന്ത്യയാണ്. വാക്സിനേഷൻ 1 കോടി കടക്കാൻ കേവലം ഒരു മാസം മാത്രമാണ് ഇന്ത്യയ്ക്ക് ആവശ്യമായി വന്നത്. ലോകത്ത് 1 കോടി ആളുകൾക്ക് വാക്സിൻ നൽകുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 5 കോടി ആളുകൾക്ക് വാക്സിൻ നൽകിയ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 1.6 കോടി ആളുകൾക്ക് വാക്സിൻ നൽകിയ യുകെയാണ് രണ്ടാം സ്ഥാനത്തുള്ളത്.
Post Your Comments