നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മുന്നണികളെല്ലാം അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു. എൽ.ഡി.എഫ് ഭരണത്തിെൻറ വീഴ്ചകളും അഴിമതികളും ജനവിരുദ്ധ നയങ്ങളും ഈ തെരഞ്ഞടുപ്പിൽ ആയുധമാക്കാനാണ് യു.ഡി.എഫിൻ്റെയും ബി.ജെ.പിയുടെയും തീരുമാനം. അതിനുള്ള തന്ത്രങ്ങളൊക്കെ എല്ലാവരും ആരംഭിച്ച് കഴിഞ്ഞു. സർക്കാർ ഭരണത്തിലെ വീഴ്ച മറ്റ് മുന്നണികൾക്ക് വളമാകുമെന്നാണ് കരുതുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖരെ കളത്തിലിറക്കി കളിക്കാനുള്ള പുതിയ തന്ത്രവും പലരും പയറ്റുന്നുണ്ട്. ഇതിനിടയിൽ രാഷ്ട്രീയ പ്രഖ്യാപനം നടത്തി ഞെട്ടിച്ചവരുമുണ്ട്. അക്കൂട്ടത്തിൽ മുൻ ഡി.ജി.പി ജേക്കബ് തോമസും മെട്രോമാൻ ഇ. ശ്രീധരനുമുണ്ട്. ഇരുവരുടെയും രാഷ്ട്രീയ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ടുപിടിച്ച ചർച്ചകൾ നടക്കുന്നതിനിടയിൽ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത് ഒരു ട്രോൾ പോസ്റ്റാണ്. രാഷ്ട്രീയ പ്രഖ്യാപനം നടത്തി, പാർട്ടി അംഗത്വം സ്വീകരിച്ച/സ്വീകരിക്കാനൊരുങ്ങുന്ന പ്രമുഖരെ താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണിത്.
Also Read:പൃഥ്വിയുടെ ഊഴം കഴിഞ്ഞു, ഇനി മോഹൻലാലിന്റേത്? ബറോസിലെ സർപ്രൈസ് ഇതോ?
ബിജെപി, കോൺഗ്രസ്, സി.പി.എം എന്നീ പാർട്ടികളിലേക്ക് വരുന്ന പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ ട്രോളിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. മുൻ ഡി.ജി.പി ടി.പി സെൻകുമാർ, ജേക്കബ് തോമസ്, ഇ ശ്രീധരൻ എന്നിവരാണ് ബിജെപിയിലേക്ക് ആകൃഷ്ടരായി എത്തിയത്. സമൂഹത്തിൽ നിലയും വിലയുമുള്ള, വലിയ സ്ഥാനമാനങ്ങളിൽ കത്തിജ്ജ്വലിച്ചിരുന്ന ഇവർ ബി.ജെ.പിയുടെ പ്രവർത്തനങ്ങളെയും പാർട്ടി തീരുമാനങ്ങളെയും ദൂരെ നിന്ന് വീക്ഷിച്ചിരുന്നവരാണ്. ആദരണീയരായ ഇവർ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയതിനെ വിമർശിക്കാൻ നിരവധിയാളുകളാണുണ്ടായത്. അതല്ലെങ്കിലും അങ്ങനെയെല്ലേ വരൂ, മാങ്ങയുള്ള മരത്തിന്മേലല്ലേ എല്ലാവരും കല്ലെറിയുക?
കോൺഗ്രസിലേക്ക് വരികയാണെങ്കിൽ അവിടെ സിനിമാക്കാരുടെ ബഹളമാണ് ഇക്കൊല്ലം. ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, ഇടവേള ബാബു എന്നിവരാണ് നിലവിൽ കോൺഗ്രസിൻ്റെ പൂമുഖത്ത് വരവേൽപ്പ് പ്രതീക്ഷിച്ച് നിൽക്കുന്നവർ. ഇതിലൊരാൾക്ക് പ്രവേശനം ലഭിച്ച് കഴിഞ്ഞു- ധർമ്മജന്. അതിൻ്റെ ശമ്പളമെന്നോണം, ധർമ്മജനെ കളത്തിലിറക്കാനും തീരുമാനമായി. ഇനിയുള്ളത് പിഷാരടിയും ഇടവേള ബാബുവുമാണ്. രാഷ്ട്രീയത്തെ ഏത് രീതിയിലാകും മൂവരും നോക്കിക്കാണുന്നതെന്ന ആകാംഷയും ഏവർക്കുമുണ്ട്. സിനിമയിൽ കോമഡി കൈകാര്യം ചെയ്ത് ഒടുവിൽ ‘രാഷ്ട്രീയവും ഒരു കോമഡി’ ആയി പോകുമോഡേയ് എന്ന ചെറിയ ഭയവും കോൺഗ്രസിനുണ്ടെന്നാണ് അടക്കംപറച്ചിൽ.
Also Read: ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ഇനിയുള്ളത് സി.പി.എം ആണ്. സി.പി.എമ്മിൻ്റെ വളർച്ചയിൽ നിലവിൽ സരിത എസ് നായർക്ക് ചെറുതല്ലാത്ത പങ്കുണ്ട് (തളർച്ച എന്ന് പറഞ്ഞാലും തെറ്റാകില്ല). 5 വർഷങ്ങൾക്ക് മുൻപ് കോൺഗ്രസിൻ്റെ കണ്ണിലുണ്ണിയായിരുന്ന സരിത ഇപ്പോൾ ഭരണപക്ഷത്തിൻ്റെ സ്വന്തം ആളാണ്. പിൻവാതിൽ നിയമനം വഴി നിരവധി സഖാക്കൾക്കാണ് സരിത ജീവിതമാർഗം ഉണ്ടാക്കി നൽകിയത്. സി.പി.എമ്മുമായി ചേർന്നുപോകുന്ന സരിത ഇതിനിടയിൽ പാർട്ടി അംഗത്വമെടുത്തോ എന്ന് മാത്രമേ അറിയേണ്ടതുള്ളു. ഈ ലിസ്റ്റിൽ ഇനിയുള്ളത് ആക്ടിവിസ്റ്റുകളാണ് രഹ്ന ഫാത്തിമ, ബിന്ദു അമ്മിണി, സ്വാമി സന്ദീപാനന്ദഗിരി എന്നിവരാണ്. ഇവരിൽ ആരെങ്കിലും തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുമോയെന്ന ചോദ്യങ്ങളും സോഷ്യൽ മീഡിയകളിൽ ഉയരുന്നുണ്ട്. അതിനുള്ള സാധ്യത നൂറിൽ ഒന്ന് മാത്രമാണ്. ഏതായാലും തെരഞ്ഞെടുപ്പ് പൊടിപൂരത്തിന് മുൻപ് പലരുടെയും പാർട്ടി പ്രഖ്യാപനവും ചർച്ചയാകുമെന്ന് ഉറപ്പാണ്.
Post Your Comments