പട്ന: പാൻ മസാല കടമായി നൽകാത്തതിന് പലചരക്ക് കട ഉടമയുടെ മകനെ ആക്രമികൾ ദാരുണമായി വെടിവച്ചുകൊന്നു. ബിഹാറിലെ സുപാൽ ജില്ലയിലെ തൃവേണിഗഞ്ജിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. സ്ഥലത്തെ പലചരക്ക് കട ഉടമയുടെ ഇളയ മകനായ മിഥിലേഷാണ് വെടിയേറ്റ് മരിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; മരണമടഞ്ഞ മിഥിലേഷിന്റെ അച്ഛന്റെതാണ് പലചരക്ക് കട. അജിത് കുമാർ എന്നയാൾ ഇവിടെയെത്തി പാൻമസാല നൽകാൻ കട ഉടമയോട് ആവശ്യപ്പെടുകയുണ്ടായി. ഇതിന്റെ വിലയായ 20 രൂപ പിന്നീട് നൽകാമെന്ന് അജിത് പറഞ്ഞെങ്കിലും കടയുടമ ഇത് അംഗീകരിച്ചില്ല. തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. ഇതിനിടെ അജിത് തിരികെപോയി.
പിറ്റേന്ന് കൂട്ടുകാരുമൊത്ത് അജിത് കുമാർ മടങ്ങിയെത്തി. എന്നാൽ അതേസമയം മരിച്ച മിഥിലേഷാണ് കടയിലുണ്ടായിരുന്നത്. അജിത്തും മിഥിലേഷും തമ്മിൽ പാൻമസാലയുടെ കാര്യത്തിൽ വീണ്ടും വഴക്കുണ്ടാക്കുകയും ഇതിൽ കുപിതനായ അജിത് വേഗം തോക്കെടുത്ത് മിഥിലേഷിനെ വെടിവച്ചു കൊലപ്പെടുത്തി. ശബ്ദം കേട്ടയുടൻ മിഥിലേഷിന്റെ സഹോദരൻ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ സ്ഥലംവിട്ടിരുന്നു.
സംഭവസ്ഥലത്തെത്തിയ പൊലീസ് അന്വേഷണം തുടങ്ങി. കൊലയാളികളെ പിടികൂടാൻ വ്യാപക അന്വേഷണവും ആരംഭിച്ചു. കൊലയാളികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.
Post Your Comments