Latest NewsKeralaNews

സര്‍ജറി ചെയ്ത് എടുത്തുകളഞ്ഞ ട്യൂമര്‍ വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ തിരികെ വന്നിരിക്കുന്നു !

അവള്‍ക്കെന്നോട് അടങ്ങാത്ത പ്രേമമാണത്രേ

തിരുവനന്തപുരം: കാന്‍സര്‍ പല രൂപത്തിലെത്തി പരീക്ഷണങ്ങള്‍ നടത്തിയിട്ടും മനോധൈര്യം കൊണ്ട് അതിജീവിച്ച നന്ദു മഹാദേവ വേദനയിലും തളരാതെ പ്രചോദനമാകുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ്. സര്‍ജറി ചെയ്ത് എടുത്തുകളഞ്ഞ ട്യൂമര്‍ വീണ്ടും ബാധിസിച്ചെന്നും വീണ്ടും കീമോ തുടങ്ങുകയാണെന്നും ഇതുവരെ നേരിട്ടതിനെക്കാള്‍ പതിന്മടങ്ങ് ഭീകരമായ ഒരു യുദ്ധമാണ് മുന്നിലെന്നും നന്ദു സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നു.

നാളെ മുതല്‍ വീണ്ടും അതിശക്തമായ മരുന്നുകളുടെ ലോകത്തേയ്ക്ക്. എപ്പോഴത്തെയും പോലെ വേണ്ടത് പ്രിയമുള്ളവരുടെ പ്രാര്‍ത്ഥനകളാണെന്നും ശക്തമായി അതിശക്തമായി തിരികെ വരുമെന്ന വാക്കു മാത്രമാണ് പകരം തിരികെ നല്‍കാനുള്ളതെന്നും നന്ദു കുറിച്ചു.

നന്ദുവിന്റെ കുറിപ്പ്

സര്‍ജറി ചെയ്ത് എടുത്തുകളഞ്ഞ ട്യൂമര്‍ വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ തിരികെ വന്നിരിക്കുന്നു !

അവള്‍ക്കെന്നോട് അടങ്ങാത്ത പ്രേമമാണത്രേ

ഇതുവരെ അനുഭവിച്ചതിനെക്കാള്‍ പലമടങ്ങ് അധികം വേദനയും കൂട്ടിനുണ്ട്

read also:വിവാദങ്ങളോബഹിഷ്‌കരണങ്ങളോ ചലച്ചിത്രോല്‍സവത്തെ തളര്‍ത്തില്ല, ആരുടെ അസാന്നിധ്യവും മേളയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കില്ല; കമൽ

ആദ്യം കാലില്‍ പിടിച്ചു പ്രേമിച്ചു..
അതങ്ങു കൊടുത്തു ഞാന്‍..
പിന്നെ ചങ്കില്‍ കയറിക്കൂടി..
കീമോ കൊടുത്തു ചുരുക്കി ഞാന്‍..
പിന്നെയും എന്നെ ശ്വാസം മുട്ടിച്ചപ്പോള്‍ ചങ്ക് പറിച്ചു കൊടുത്തു

ഇപ്പോള്‍ ദേ ഹൃദയത്തിലേക്ക് പോകുന്ന പ്രധാന രക്തക്കുഴലിനെ ചുറ്റിപ്പറ്റിയാണ് അവളുടെ കളി !

സര്‍ജറി ചെയ്യാന്‍ കഴിയാത്ത ഭാഗങ്ങളിലേക്ക് ഉള്‍വലിഞ്ഞുകൊണ്ട് എന്നെ ആക്രമിക്കുകയാണ്…

read also:ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് കോടി സ്വന്തമാക്കി മലയാളിയായ ശരത് കുന്നുമ്മല്‍

വലതു കയ്യുടെ സ്വാധീനം കുറഞ്ഞു കുറഞ്ഞു വരുന്നു

ഈ ഒരു മരുന്നില്‍ ഇത് ചുരുങ്ങിയില്ലെങ്കില്‍ ആവനാഴിയില്‍ അസ്ത്രമില്ലാതെ യുദ്ധം ചെയ്യുന്ന രാജകുമാരന്റെ അവസ്ഥയാകും എനിക്ക്..
ഈ ചക്രവ്യൂഹത്തില്‍ നിന്ന് ഇത്തവണ ഈ അഭിമന്യുവിന് പുറത്തു വന്നാലേ പറ്റുള്ളൂ..

ഒരേ സമയം മരുന്നിനോടും അര്‍ബുദത്തോടും വേദനയോടും പൊരുതുന്ന എന്റെ മനസ്സ് നൂറിരട്ടി ശക്തമാണ്

വിടില്ല ഞാന്‍

അവസാന ശ്വാസം വരെയും പൊരുതും

വിജയിക്കണം എന്നു മനസ്സിലുറപ്പിച്ചവനാണ് ഞാന്‍

എന്റെ ട്രീറ്റ്‌മെന്റിന്റെ കാര്യങ്ങളും അനുഭവിക്കുന്ന വേദനകളുടെ തീഷ്ണതയും ഞാന്‍ എന്റെ ചങ്കുകളോട് വിളിച്ചു പറയുന്നതിന് ഒരു വലിയ ഉദ്ദേശമുണ്ട്..

നമ്മുടെ കയ്യിലുള്ള ഏറ്റവും വലിയ സമ്ബത്ത് നമ്മുടെ ജീവനും ജീവിതവും ആണെന്ന് അനുഭവങ്ങളിലൂടെ ഞാന്‍ പഠിച്ച സത്യം മനസ്സിലാക്കി തരുന്നതിന് വേണ്ടിയാണ്..

ആഡംബര ബൈക്ക് വാങ്ങിക്കൊടുക്കാത്തതിനും ,

പരീക്ഷയ്ക്ക് മാര്‍ക്ക് കുറയുന്നതിനും ,

കൂട്ടുകാരന്‍ കളിയാക്കിയതിനും ,

പ്രണയം തകര്‍ന്നതിനും ഒന്നും ഇനിയൊരു വ്യക്തി പോലും സ്വന്തം ജീവിതം ത്യജിക്കാതിരിക്കാന്‍ വേണ്ടിയാണ്..

എന്തൊക്കെ നഷ്ടപ്പെട്ടാലും കയ്യിലുള്ള ജീവിതമാണ് ഏറ്റവും വലിയ ധനം എന്ന് തിരിച്ചറിവ് കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകാന്‍ വേണ്ടിയാണ്

ആയുസ്സില്‍ നിഴല് വീഴുമ്ബോള്‍ ജീവന്റെയും ഒപ്പം ജീവിതത്തിന്റെയും മിഴിവും ഭംഗിയും കൂടി വരും

അന്ന് വരെ നാം കണ്ട പനിനീര്‍ പൂവുകളെക്കാള്‍ ഭംഗിയാകും പിന്നീട് കാണുന്നവയ്ക്ക്…

അന്ന് വരെ ഉണ്ടായിരുന്ന ആഘോഷങ്ങളെക്കാള്‍ ആഹ്ലാദപൂര്‍ണ്ണമാകും പിന്നീടുള്ള ആഘോഷങ്ങള്‍ക്ക്

അന്ന് വരെ കഴിച്ച ഭക്ഷണത്തെക്കാള്‍ സ്വാദായിരിക്കും പിന്നീട് കഴിക്കുന്ന ഓരോ അരിമണി ചോറിനും

അന്ന് വരെ ഉണ്ടായിരുന്നതിനെക്കാള്‍ ദൃഡതയാകും ബന്ധങ്ങള്‍ക്ക്

നമുക്ക് മുന്നിലൂടെ പോകുന്ന ഓരോ മനുഷ്യനോടും ഓരോ ജീവിയോടും വാക്കുകള്‍ക്കതീതമായ പ്രേമവും കരുണയും സ്‌നേഹവും കൊണ്ട് മനം നിറയും

സത്യത്തില്‍ ബുദ്ധന് ധ്യാനത്തിലൂടെ കിട്ടിയത് പോലെയൊരു അറിവും ബോധവും ആണ് എനിക്ക് അര്‍ബുദത്തിലൂടെ കിട്ടിയത്..

ക്യാന്‍സര്‍ ഇല്ലാതിരുന്ന നന്ദുവിനെക്കാള്‍ എത്രയോ മടങ്ങ് അധികം സന്തോഷവാനും ഉന്മേഷവാനും ആണ് ഇന്നത്തെ ഞാന്‍

ശാന്തമായ സാഗരം പോലെയായിരിക്കുന്നു മനസ്സ്

ഒരു മനുഷ്യന്റെ ഏറ്റവും വലിയ ലക്ഷ്യവും അത്യന്തികമായ വിജയവും അവന്റെ ഉള്ളിലുള്ള സന്തോഷത്തെ കണ്ടെത്തലാണെന്ന് അര്‍ബുദം എന്ന ധ്യാനം എനിക്ക് മനസ്സിലാക്കി തന്നിരിക്കുന്നു !

ഒരു പക്ഷേ അര്‍ബുദത്തെയും അത് തന്ന വേദനകളെയും ഒരു ധ്യാനം പോലെ പവിത്രമായി എടുത്ത് ഇങ്ങനെ വിചിത്രമായി ചിന്തിച്ച ലോകത്തിലെ ആദ്യത്തെ മനുഷ്യന്‍ ഞാനായിരിക്കും

ശ്രീകൃഷ്ണനും യേശുവും പോലെ മിക്കവാറും അവതാരപുരുഷന്മാരും സ്വയം വേദനകള്‍ ഏറ്റെടുത്ത് സന്തോഷം കണ്ടെത്തുമായിരുന്നു എന്ന അറിവില്‍ എനിക്കിപ്പോള്‍ അത്ഭുതം ഇല്ല

വിധിയെ പഴിക്കുന്നതിന് പകരം ആ വിധിക്ക് നന്ദി പറയുകയാണ് ഞാന്‍…

ക്യാന്‍സര്‍ എന്ന ധ്യാനം എനിക്ക് സമ്മാനിച്ച ആ വിധിയോട് വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത നന്ദി

അസഹനീയമായ വേദനകള്‍ കൊണ്ട് പൊട്ടിക്കരയുന്ന അവസ്ഥകളിലും മനസ്സിനുള്ളില്‍ പൂര്‍ണ്ണ സന്തോഷം അനുഭവിക്കാനുള്ള കഴിവ് എനിക്ക് തന്ന ആ വിധിയോട് എനിക്കെങ്ങനെ ഇഷ്ടക്കുറവ് തോന്നും !

ഞാനിങ്ങനെ ഒഴുകും…

ഈ ഒഴുക്ക് നിലയ്ക്കില്ല

ഞാന്‍ തുടങ്ങിവച്ച കീഴ് വഴക്കങ്ങളിലൂടെ ,

പങ്കുവച്ച സന്തോഷപൂര്‍ണ്ണമായ വാക്കുകളിലൂടെ…

പകുത്തു നല്‍കിയ നിഷ്‌കളങ്കമായ സ്‌നേഹത്തിലൂടെ…

തുടക്കമിട്ട കര്‍മ്മ പദ്ധതികളിലൂടെ..

അനന്തമായി ഒഴുകും

അതിജീവനത്തിലൂടെ ഞാനിങ്ങനെ അതിജീവിച്ചു കൊണ്ടിരിക്കും

എന്റെ കരങ്ങള്‍ വേദനിക്കുന്ന ഒരായിരം നിരാലംബര്‍ക്ക് ആശ്വാസമാണെന്ന്
എനിക്കറിയാം..
എന്റെ വാക്കുകള്‍ മനസ്സ് തളര്‍ന്ന ഒത്തിരിപ്പേര്‍ക്ക് ആശ്വാസമാണെന്നും ഞാന്‍ മനസ്സിലാക്കുന്നു..

അതെന്റെ നിയോഗമാണ്

എപ്പോഴത്തെയും പോലെ എനിക്ക് വേണ്ടത് എന്റെ പ്രിയമുള്ളവരുടെ പ്രാര്‍ത്ഥനകളാണ്..

ശക്തമായി അതിശക്തമായി തിരികെ വരുമെന്ന വാക്കു മാത്രമാണ് പകരം തിരികെ നല്‍കാന്‍ എന്റെ കയ്യിലുള്ളത്..

പലപ്പോഴും തീര്‍ന്നു എന്ന് തോന്നുന്ന അവസ്ഥകളില്‍ നിന്ന് അത്ഭുതകരമായി ഞാന്‍ തിരികെ വന്നത് പ്രിയമുള്ളവരുടെ പ്രാര്‍ത്ഥനകളുടെ ഫലമാണ്

കുഴഞ്ഞു വീണാലും ഇഴഞ്ഞു നീങ്ങും
പക്ഷേ അത് മുന്നോട്ട് തന്നെ
ആയിരിക്കും നന്ദു മഹാദേവന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button