
ഹൈദരാബാദ് : കൊവിഡ് വാക്‌സിന്റെ പേരില്‍ തട്ടിപ്പ് നടത്തി യുവതി വൃദ്ധദമ്പതികളില്‍ നിന്ന് പത്ത് പവനോളം സ്വര്‍ണം കവര്‍ന്നു. മുന്‍ പരിചയം മുതലെടുത്ത് അനൂഷ എന്ന യുവതിയാണ് 80 വയസുളള കുന്ദള ലക്ഷ്മണനെയും 70-കാരിയായ ഭാര്യ കസ്തൂരിയെയും തട്ടിപ്പിന് ഇരയാക്കിയത്. വൃദ്ധ ദമ്പതികളുടെ വീട്ടില്‍ അനൂഷ മുമ്പ് വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. വീട് മാറി പോയെങ്കിലും ഇരുവരുമായുളള പരിചയം യുവതി തുടര്‍ന്നിരുന്നു.
നഴ്സ് ആയതിനാല്‍ അനൂഷയ്ക്കും തങ്ങള്‍ക്കുമുളള വാക്സിന്‍ സൗജന്യമായി കിട്ടുമെന്ന് യുവതി പറഞ്ഞു വിശ്വസിപ്പിച്ചെന്ന് കസ്തൂരി പറഞ്ഞു. തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് വീട്ടിലെത്തിയ അനൂഷ ഇരുവര്‍ക്കും കൊവിഡ് വാക്സിന്‍ ആണെന്ന് പറഞ്ഞ് കുത്തിവെയ്പ്പ് നല്‍കുകയായിരുന്നു. മരുന്ന് കുത്തിവെച്ച ഉടന്‍ ഇരുവരും അബോധാവസ്ഥയിലായി. ഇങ്ങനെ സംഭവിയ്ക്കുമെന്നും ഭയപ്പെടേണ്ടതില്ലെന്നും അനൂഷ ഇവരോട് നേരത്തെ തന്നെ പറഞ്ഞിരുന്നു.
മണിക്കൂറുകള്‍ക്ക് ശേഷം ബോധം തെളിഞ്ഞപ്പോഴാണ് വീട്ടില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ടതായി മനസിലായത്. ഉടന്‍ തന്നെ ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. പരിശോധനയില്‍ മയങ്ങാനുളള മരുന്നാണ് അനൂഷ കുത്തിവച്ചതെന്ന് മനസിലായി. അനൂഷയ്ക്കായുളള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Post Your Comments