ലക്‌നൗ : വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ കോച്ചിംഗ് സെന്ററുകൾ ആരംഭിച്ച് യോഗി സർക്കാർ. പാത്ത് പ്രദർശക് എന്ന് പേര് നൽകിയിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് നിർവ്വഹിച്ചു. മുഖ്യമന്ത്രി അഭ്യുദയ യോജന പദ്ധതി പ്രകാരമാണ് കോച്ചിംഗ് സെന്ററുകൾ ആരംഭിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഉത്തർപ്രദേശിലെ 30,000 ത്തിൽ അധികം വിദ്യാർത്ഥികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങി പോയിരുന്നു. കോച്ചിംഗ് ക്ലാസുകൾക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയ വിദ്യാർത്ഥികളാണ് വിവിധ ഇടങ്ങളിൽ കുടുങ്ങിയത്. ഇതോടെയാണ് സംസ്ഥാനത്ത് സൗജന്യമായി വിദ്യാർത്ഥികൾക്ക് വേണ്ടി കോച്ചിംഗ് ക്ലാസ് സൗകര്യം ഒരുക്കാൻ സർക്കാർ തീരുമാനിച്ചത്.
ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കി നൽകാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. നാളെ മുതലാണ് സംസ്ഥാനത്ത് കോച്ചിംഗ് ക്ലാസുകൾ ആരംഭിക്കുന്നത്. തങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കാൻ ഇത് സഹായകരമാകുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.
Post Your Comments