മുംബൈ : നവജാത ശിശുവിനെ 5 ലക്ഷത്തിന് വില്‍പന നടത്തിയ ഡോക്ടര്‍ പിടിയില്‍. എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ജിതന്‍ ബാലയെന്ന ഡോക്ടര്‍ വില്‍പ്പന നടത്തിയത്. ഡോക്ടറില്‍ നിന്നും കുഞ്ഞിനെ വാങ്ങിയ ദമ്പതികളും അറസ്റ്റിലായിട്ടുണ്ട്. സോഞ്ജിത് മൊണ്ടാല്‍ (40), മഞ്ജു (37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കുഞ്ഞിനെ വില്‍പ്പനയ്ക്ക് കൊണ്ടു വരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കിഴക്കന്‍ വിരാറിലെ ബസ് സ്റ്റാന്റിന് സമീപം പൊലീസ് രഹസ്യ നിരീക്ഷണം നടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. ദമ്പതികളില്‍ നിന്നും കണ്ടെടുത്ത കുഞ്ഞിനെ ചൈല്‍ഡ് ഷെല്‍ട്ടറിലേക്ക് മാറ്റിയിട്ടുണ്ട്. ഡോക്ടര്‍ക്ക് ഈ കുഞ്ഞിനെ എങ്ങനെ ലഭിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല.
അഞ്ച് ലക്ഷത്തിന് കുഞ്ഞിനെ വില്‍ക്കുവാന്‍ ഡോക്ടറെ സഹായിച്ച അനിത ഭാവെ എന്ന അമ്പതുകാരിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞുങ്ങളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്ന 370 (1) വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഈ മാസം 16 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
Post Your Comments