കൊൽക്കത്ത : ആരൊക്കെ എതിർത്താലും കോവിഡ് വാക്സിനേഷന് ശേഷം പൗരത്വ നിയമ ഭേദഗതി രാജ്യത്ത് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൂച്ച് ബീഹാറിൽ നടന്ന റാലിയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണയുടെ പശ്ചാത്തലത്തിൽ നടത്തുന്ന പ്രതിരോധ വാക്‌സിൻ കുത്തിവെയ്പ്പ് അവസാനിച്ചാൽ ഉടൻ തന്നെ സിഎഎ നടപ്പാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. സിഎഎ എന്നത് പാർലമെന്റ് കൊണ്ടുവന്ന നിയമം ആണ്. മമതയ്‌ക്കെന്നല്ല ആർക്കും നിയമം നടപ്പാക്കുന്നത് തടയാൻ ആകില്ല. നിയമം കൊണ്ടുവരുന്നത് തടയാൻ മാത്രമുള്ള പദവിയല്ല മമതയ്ക്കുള്ളതെന്നും അമിത് ഷാ വ്യക്തമാക്കി.
ബംഗാളിൽ നടന്ന പൊതുപരിപാടിക്കിടെ തന്റെ മരണശേഷം മാത്രമേ സിഎഎ നടപ്പാക്കാൻ സമ്മതിക്കൂവെന്ന് മമത ബാനർജി പറഞ്ഞിരുന്നു. ഇതിനോടായിരുന്നു അമിത് ഷായുടെ പ്രതികരണം.
Post Your Comments