ഒരാളുടെ സന്തോഷത്തിന്റെയും ജീവിതവിജയത്തിന്റെയും അടിസ്ഥാനഘടകങ്ങളില്‍ ഒന്ന് അയാള്‍ ചെയ്യുന്ന ജോലിയാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമല്ലോ അയാളുടെ ജീവിതലക്ഷ്യങ്ങള്‍ ഉണ്ടാകുന്നത്. ജനന തീയതി വച്ച് ഓരോരുത്തരുടെയും തൊഴില്‍ രംഗത്തെ മാറ്റങ്ങള്‍ അറിയാം.
മേടം രാശി (മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 20 വരെ)
എവിടെയും നേതാവോ പ്രധാനിയോ ആക്കാന്‍ ഇഷ്ടമുള്ളവരാണ് ഇവര്‍. ഇവര്‍ തനിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നവരും, മറ്റുള്ളവരുടെ മേല്‍ അധികാരം അടിച്ചേല്‍പ്പിക്കുന്നവരുമാണ്. ഇതോടൊപ്പം പെട്ടെന്നുള്ള ദേഷ്യവും ഇവരുടെ ഒരു വലിയ പ്രശ്‌നമാണ്. എന്നാല്‍, ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ ഇവര്‍ക്ക് ഒരു നല്ല സംരംഭകനോ, അധ്യാപകനോ, വാഗ്മിയോ ഒക്കെ ആകാം.
ഇടവം രാശി (ഏപ്രില്‍ 21 മുതല്‍ മേയ് 21 വരെ)
വളരെ കഷ്ടപ്പെട്ട് ജോലികള്‍ ചെയ്യുന്ന കൂട്ടത്തിലാണ് ഇവര്‍. വളരെ കൃത്യനിഷ്ടതയോടെ ഏറ്റവും ഭംഗിയായി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുന്ന ഇവരെ വിദഗ്ധരെന്ന നിലയിലാണ് കണക്കാക്കുന്നത്. വളരെ സര്‍ഗ്ഗശേഷിയുള്ളവരും ശ്രദ്ധാലുക്കളുമായ ഇവര്‍ക്ക് ഫോട്ടോഗ്രഫി, സിനിമാ, ഇന്റിരിയര്‍ ഡിസൈനിംഗ്, വിവിധ കലാമേഖലകള്‍ തുടങ്ങിയവയെല്ലാം ഇവര്‍ക്ക് ചേര്‍ന്നതാണ്.
മിഥുനം രാശി (മേയ് 22 മുതല്‍ ജൂണ്‍ 21 വരെ)
ഇവര്‍ എപ്പോഴും എല്ലാവര്‍ക്കും ശക്തിസ്രോതസുകളായി നിലകൊള്ളുന്നവരായിരിക്കും. ആകര്‍ഷണ ശക്തി ഏറെ ഉള്ള ഇവര്‍ക്ക് ഒരേ സ്ഥലത്ത് എക്കാലവും തുടരാന്‍ സാധിക്കുകയില്ല. അതിനാല്‍ എപ്പോഴും ജോലി മാറിക്കൊണ്ടിരിക്കുകയും, അല്ലെങ്കില്‍ ഒരേ സമയം പല ജോലികള്‍ ചെയ്യുകയും ചെയ്യാറുണ്ട്. മറ്റുള്ളവരെ ഉത്തേജിപ്പിക്കാനുള്ള ഇവരുടെ കഴിവ് എല്ലായെപ്പോഴും പുതിയ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ ഇവരെ സഹായിക്കുന്നു. കണ്‍സള്‍ട്ടന്‍സി, സിനിമാ സംവിധാനം, മാസ്സ് മീഡിയ കമ്മ്യൂണിക്കേഷന്‍ തുടങ്ങിയവ ഇവര്‍ക്ക് യോജിച്ച മേഖലകളാണ്.
കര്‍ക്കിടകം രാശി (ജൂണ്‍ 22 മുതല്‍ ജൂലായ് 22 വരെ)
ജോലിയില്‍ സ്ഥിരത ആഗ്രഹിക്കുന്നവരാണ് ഇവര്‍. സുരക്ഷിതത്വം ആഗ്രഹിക്കുന്നതിനാലാണ് അത്. മറ്റുള്ളവരെ സഹായിക്കാന്‍ ഏറെ ഇഷ്ടപെടുന്നവരാണ് ഇവരെങ്കിലും, ഉള്ളിലേക്ക് ഒതുങ്ങി നില്‍ക്കുന്ന ഇവരുടെ സ്വഭാവം അതിനൊരു തടസമാണ്. എഴുത്ത്, എഡിറ്റിംഗ്, ശിശുപരിചരണം, സംവിധാനം തുടങ്ങിയവ ഇവര്‍ക്ക് അനുയോജ്യമായ ജോലികളാണ്.
ചിങ്ങം രാശി (ജൂലായ് 23 മുതല്‍ ആഗസ്റ്റ് 21 വരെ)
ജോലി ചെയ്യുന്ന സ്ഥലത്തെ എല്ലാമെല്ലാമായി മാറുന്ന ആളുകളാണ് ഇവര്‍. വളരെ അധികം ഊര്‍ജ്ജസ്വലരും തന്ത്രപരമായ മനസ്സ് ഉള്ളവരുമാണ്. കൂടെയുള്ളവര്‍ ഒന്നുകില്‍ ഇവരെ വളരെ അധികം സ്‌നേഹിക്കുകയോ അല്ലെങ്കില്‍ അങ്ങേയറ്റം വെറുക്കുകയോ ചെയ്യും. അഭിനയം, അധ്യാപനം, കണ്‍സള്‍ട്ടന്‍സി, ട്രെയിനര്‍, മൃഗ പരിശീലകന്‍, മറ്റ് കലാ മേഖലകള്‍ എന്നിവയെല്ലാം ഇവര്‍ക്ക് വളരെയ്യേറെ യോജിക്കുന്ന ജോലികളാണ്.
കന്നി രാശി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 23 വരെ)
വളരെയേറെ ശ്രദ്ധാലുക്കളും, നിരീക്ഷണ മനോഭാവമുള്ളവരുമാണ് ഇവര്‍. ഏറെ തിരക്ക് ഉള്ള ജോലിയായിരിക്കും ഇവരുടേത്. ജോലി ചെയ്യുന്നരീതിയിലും അതിന്റെ ഗുണനിലവാരത്തിലും ആര്‍ക്കും ഇവരെ പരാജയപ്പെടുത്താനാകില്ല. ഓഫീസില്‍ ഇരിക്കുന്നതിനേക്കാള്‍ പുറത്ത് പോകാന്‍ ഇഷ്ടമുള്ളവരും മറ്റുള്ളവരുടെ വിഷമങ്ങളില്‍ പങ്കുചേരുന്നവരുമായതിനാല്‍ ഇവര്‍ക്ക് ഒരു മാധ്യമപ്രവര്‍ത്തകനോ, നഴ്‌സോ ആകാന്‍ സാധിക്കും. ആരോഗ്യ മേഖല, അക്കൗണ്ടിംഗും ഓഡിറ്റിംഗും, ക്ലെറിക്കല്‍ ജോലികള്‍ തുടങ്ങിയവ ഇവര്‍ക്ക് ചേര്‍ന്നവയാണ്.
തുലാം രാശി (സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 23 വരെ)
ഇവരുടെ ഏറ്റവും വലിയ പ്രത്യേകത അവരുടെ സുഹൃത്ത് വലയം അല്ലെങ്കില്‍ ഒരുപാട് പരിചയക്കാര്‍ എന്നതാണ്. ആളുകളുമായി ബന്ധം പുലര്‍ത്താനുള്ള ഇവരുടെ കഴിവ് പല ജോലിസാധ്യതയിലേക്കും വഴിതുറക്കുന്നുണ്ട്. പാര്‍ട്ടികള്‍, ഒത്തുചേരലുകള്‍ എന്നിവയുടെ സംഘാടകനാകാനും മറ്റും ഇവര്‍ക്ക് മികച്ചകഴിവായിരിക്കും. കല, സൗന്ദര്യം, വസ്ത്രം, ഡിസൈന്‍ തുടങ്ങിയവയാണ് ഇവരുടെ പ്രധാന മേഖലകള്‍. നില്‍ക്കുന്ന സ്ഥലത്ത് ഒരു സമാധാന അന്തരീക്ഷം പുലര്‍ത്താന്‍ ഇവര്‍ എപ്പോഴും ശ്രമിക്കും. ജേര്‍ണലിസം, ലോ, ഫാഷന്‍ ഡിസൈനിംഗ്, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകള്‍ ഇവര്‍ക്ക് ഉത്തമം.
വൃശ്ചികം രാശി (ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 22 വരെ)
ജോലിയില്‍ സുരക്ഷിതത്വം ആഗ്രഹിക്കുന്ന കൂട്ടരാണ് ഇവര്‍. ഏത് വിഷയത്തിലും ഗഹനമായ പഠനം നടത്താനും ഇവര്‍ക്ക് എളുപ്പം സാധിക്കും. അതുപോലെ തന്നെ മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കാന്‍ ഇവര്‍ക്ക് വളരെ എളുപ്പം സാധിക്കുമെന്നതിനാല്‍ ഇവര്‍ക്ക് മനശാസ്ത്രത്തില്‍ ഉന്നതിയിലെത്താന്‍ സാധിക്കും. നിയമ പഠനം, അധ്യാപനം, കല, സംവിധാനം, സ്ഥല കച്ചവടം തുടങ്ങിയവയില്‍ ഇവര്‍ക്ക് വളരെ നന്നായി ശോഭിക്കാം.
ധനു രാശി (നവംബര്‍ 23 മുതല്‍ ഡിസംബര്‍ 22 വരെ)
ജോലിയില്‍ ആനന്ദം കണ്ടെത്തുന്നവരും അതിലെ വിഷമതകള്‍ മാറ്റാന്‍ സ്വയം പുതിയ വഴികള്‍ കണ്ടെത്തുകയും ചെയ്യുന്ന ദിശാബോധമുള്ള കൂട്ടരാണ് ഇവര്‍. പുതിയ സ്ഥലങ്ങള്‍ കാണാനും, പുതിയ ആളുകളെ പരിചയപ്പെടാനും ഏറെ ഇഷ്ടമുള്ള ഇവര്‍ക്ക് കച്ചവടം, അധ്യാപനം, യാത്രാ സഹായി, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നീമേഖലകള്‍ അനുയോജ്യമാണ്.
മകരം രാശി (ഡിസംബര്‍ 23 മുതല്‍ ജനുവരി 20 വരെ)
സമര്‍പ്പിത മനോഭാവത്തോടെ ജോലിചെയ്യുകയും, മാര്‍ഗ്ഗതടസ്സമായി എന്ത് വന്നാലും അത് തരണം ചെയ്ത് വിജയത്തിലേക്ക് കുതിച്ച് കയറുകയും ചെയ്യുന്നത് ഇവരുടെ പ്രത്യേകതയാണ്. ഇവര്‍ ചെയ്യുന്ന പദ്ധതികള്‍ പാളിപോകാനുള്ള സാധ്യത കുറവായതിനാല്‍ കച്ചവട മേഖല ഇവര്‍ക്ക് വളരെ യോജിച്ച ഒന്നാണ്. സിനിമാ നിര്‍മ്മാണം, പോലീസ്, ഫിനാന്‍ഷ്യല്‍ പ്ലാനിംഗ്, രാഷ്ട്രീയം എന്നിവയിലും ഇവര്‍ക്ക് മികച്ച പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കാന്‍ സാധിക്കും.
കുംഭം രാശി (ജനുവരി 21 മുതല്‍ ഫെബ്രുവരി 19 വരെ)
സ്വതന്ത്രജീവിതം ഇഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടര്‍. ഇവരുടെ വ്യക്തിത്വത്തെ തുറന്ന് കാണിക്കാന്‍ പറ്റുന്ന ജോലിയിലേര്‍പ്പെടാനാണ് ഇവര്‍ താല്പര്യപ്പെടുക. സന്തോഷവും ആനന്ദകരവുമായ അന്തരീക്ഷത്തിലും, മത്സരബുദ്ധി നിറഞ്ഞ ചുറ്റുപാടിലും ജോലിചെയ്യാന്‍ താല്പര്യപ്പെടുന്നവരാണ് ഇവര്‍. ജ്യോതിഷം, സെയില്‍സ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്, അധ്യാപനം, ഗവേഷണം എന്നിവ ഇവര്‍ക്ക് താല്പര്യം ജനിക്കുന്ന മേഖലകലാണ്.
മീനം രാശി (ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 20 വരെ)
ജോലി സുരക്ഷ, സ്വാതന്ത്യം, സഹജീവിസ്‌നേഹം എന്നിവ ഇവരുടെ സ്വഭാവത്തിന്റെ പ്രത്യേകതയാണ്. തന്റെ കൂടെയോ അല്ലെങ്കില്‍ തന്നെക്കാള്‍ താഴെയോ ജോലി ചെയ്യുന്നവരെ വളരെ സ്‌നേഹത്തോടെ കാണുന്നതും, സ്വന്തം കാര്യം നോക്കി നടക്കുന്നതും, സര്‍ഗത്മകമായ കഴിവുകളും ഇവരെ മറ്റുള്ളവര്‍ക്ക് സമ്മതനാക്കുന്നു. സിനിമ, കല, മാനവിക ശേഷി, ഫോട്ടോഗ്രഫി, ശിശുപാലനം, ആത്മീയം തുടങ്ങിയ മേഖലകള്‍ ഇവര്‍ക്ക് പ്രിയങ്കരമാകുന്നു.
Post Your Comments