ഹൈദരാബാദ്: തെലുങ്കാനയില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാന്‍ നീക്കവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്മോഹന് റെഡ്ഢിയുടെ സഹോദരി വൈ.എസ്. ശര്‍മിള. ഇന്നലെ വൈ.എസ്. രാജശേഖര റെഡ്ഢിയുടെ അനുയായികളുമായി ശര്‍മിള ചര്‍ച്ച നടത്തി.ഹൈദരാബാദ് ലോട്ടസ് പോണ്ടിലെ വൈഎസ്ആര്‍ കുടുംബത്തിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
തെലുങ്കാനയില്‍ “രാജണ്ണ രാജ്യം’ (രാജശേഖര റെഡ്ഢിയുടെ ഭരണരീതി) തിരികെ കൊണ്ടുവരികയാണു ലക്ഷ്യം. ഇന്നലെ നല്‍ഗോണ്ട ജില്ലയിലെ നേതാക്കളെയാണു കണ്ടത്. എല്ലാ ജില്ലകളിലെയും ജനങ്ങളുമായി ചര്‍ച്ച നടത്തും-ശര്‍മിള പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു ശര്‍മിള പ്രതികരിച്ചില്ല.
2004-2009 കാലത്ത് അവിഭക്ത ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു വൈഎസ്ആര്‍ എന്നറിയപ്പെടുന്ന രാജശേഖര്‍ റെഡ്ഢി. 2009 സെപ്റ്റംബറില്‍ ഹെലികോപ്റ്റര്‍ അപകടത്തിലാണു രാജശേഖര്‍ റെഡ്ഢി മരിച്ചത്. നേരത്തെ തന്നെ സഹോദരന്റെ ഇടപെടല്‍ ഇല്ലാതെ തെലുങ്കാനയില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാന്‍ ശര്‍മിള ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതേസമയം പരിവർത്തിത ക്രിസ്ത്യാനികളുടെ വോട്ടാണ് ലക്ഷ്യമെന്നാണ് സൂചന.
അതേസമയം, ശര്‍മിള രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്നു തെലുങ്കാനയിലെ പ്രമുഖ വൈഎസ്ആര്‍സി നേതാവ് കോണ്ട രാഘവ റെഡ്ഢി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. രംഗറെഡ്ഢി ജില്ലയിലെ ചെവല്ലയില്‍ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2019 തെരഞ്ഞെടുപ്പില്‍ ശര്‍മിളയും അമ്മ വിജയമ്മയും വൈഎസ്ആര്‍ കോണ്‍ഗ്രസിനായി ഊര്‍ജിത പ്രചാരണം നടത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ജഗന് മോഹന്‍ മുഖ്യമന്ത്രിയായി.
പിന്നീട് ശര്‍മിളയെ പൊതുരംഗത്ത് അധികം കാണാന്‍ കഴിഞ്ഞിട്ടില്ല. ജഗന്മോഹനും ശര്‍മിളയും തമ്മില്‍ അഭിപ്രായവ്യത്യാസമില്ലെന്നും തെലുങ്കാന രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതില്‍ ഭിന്നാ ഭിപ്രായം മാത്രമാണ് ഇരുവര്‍ക്കുമുള്ളതെന്നു മുതിര്‍ന്ന വൈഎസ്ആര്‍സി നേതാവും ആന്ധ്ര സര്‍ക്കാരിന്റെ ഉപദേഷ്ടാവുമായ സജ്ജല രാമകൃഷ്ണ റെഡ്ഢി പറഞ്ഞു.തെലുങ്കാന ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ സജീവ രാഷ്ട്രീയപ്രവര്‍ത്തനം വേണ്ടെന്ന തീരുമാനമാണു വൈസ്ആര്സി കൈക്കൊണ്ടതെന്നും രാമകൃഷ്ണ റെഡ്ഢി കൂട്ടിച്ചേര്‍ത്തു.
Post Your Comments