തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാജ വെറ്ററിനറി ഡോക്ടർമാരുടെ എണ്ണം വർധിക്കുന്നു. മൃഗസംരക്ഷണ വകുപ്പിൽ നിന്നും സമാന വകുപ്പുകളിൽ നിന്നും വിരമിച്ച ചില സഹായി ജീവനക്കാരുൾപ്പെടെയുള്ള സംഘമാണ് വെറ്ററിനറി ഡോക്ടർമാരെന്ന വ്യാജേന ചികിത്സ നടത്തുന്നത്.
ഇത്തരത്തിലുള്ള വ്യാജ ചികിത്സ മൂലം മനുഷ്യ ശരീരത്തെയും ബാധിക്കുന്നു. വളർത്തു മൃഗങ്ങളിൽ അനാവശ്യമായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളും ഹോർമോണുകളും പാൽ, മുട്ട, ഇറച്ചി തുടങ്ങിയ മൃഗോൽപന്നങ്ങളിലൂടെ മനുഷ്യ ശരീരത്തിൽ എത്തുന്നതായും ഇത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായും കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിന്റെ റിപ്പോർട്ടിൽ പറയുന്നു.
വ്യാജ ചികിത്സയുടെ പേരിൽ വളർത്തു മൃഗങ്ങളുടെ മരണം സംസ്ഥാനത്ത് വർധിച്ചതോടെ കേരള വെറ്ററിനറി കൗൺസിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വ്യാജ ലെറ്റർ പാഡ് നിർമിച്ചാണ് പലരും ചികിത്സ നടത്തുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പരസ്യങ്ങളും ബോർഡുകളും പ്രദർശിപ്പിക്കുന്നതും സ്വകാര്യ ക്ലിനിക്കുകൾ നടത്തുന്നതും സംബന്ധിച്ചും വെറ്ററിനറി കൗൺസിലിന് പരാതികൾ ലഭിച്ചിട്ടുണ്ട്.
Post Your Comments