മൂന്നാര്‍ : പഴയ പഴക്കടി തേടി പടയപ്പ വീണ്ടും മൂന്നാര്‍ ടൗണില്‍ ഇറങ്ങി. ഇന്നലെ പുലര്‍ച്ചെ ഒരു മണിയ്ക്കാണ് പടയപ്പ ടൗണില്‍ ഇറങ്ങിയത്. ഇവിടെ ഗ്രഹാംസ്ലാന്‍ഡ് സ്വദേശി പാല്‍രാജിന്റെ പഴക്കടയുടെ പടുത വലിച്ച് നീക്കി അകത്ത് നിന്ന് 2 ഏത്തക്കുലകള്‍ ഉള്‍പ്പെടെ 180 കിലോയോളം പഴങ്ങളാണ് അകത്താക്കിയത്.
വഴിവിളക്കിന്റെ വെളിച്ചത്തില്‍ ആളുകള്‍ ചുറ്റും കൂടി ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് പോസ്റ്റ് ഓഫീസ് കവലയില്‍ സ്ഥാപിച്ച പെട്ടിക്കടയുടെ മുന്‍ഭാഗം തകര്‍ത്ത് പഴങ്ങള്‍ അകത്താക്കിയത്. 90 കിലോ ഓറഞ്ച്, 40 കിലോ ആപ്പിള്‍, 30 കിലോ മാമ്പഴം, 20 കിലോ മാതളം എന്നിവയാണ് പടയപ്പ അകത്താക്കിയത്. ടൗണില്‍ ഉണ്ടായിരുന്ന ഗൈഡുമാരും പച്ചക്കറി ചന്തയിലെ ചുമട്ടുകാരും എത്തി പടക്കം പൊട്ടിച്ചും ഒച്ചയുണ്ടാക്കിയുമാണ് പടയപ്പയെ പിന്തിരിപ്പിച്ചത്.
30,000 രൂപയുടെ നഷ്ടം ഉണ്ടായതായി പാല്‍രാജ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു. രണ്ടാം തവണയാണ് കട തകര്‍ത്ത് പടയപ്പ പഴങ്ങള്‍ കവരുന്നത്. ജില്ലയിലെ പ്രധാന ടൗണായ മൂന്നാറിലേക്ക് അടിക്കടി കാട്ടാന ഇറങ്ങുന്നത് തടയാന്‍ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post Your Comments