ന്യൂഡല്‍ഹി : ബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിയ ഇന്ത്യയുടെ നടപടിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. ശക്തമായ ആരോഗ്യ സംവിധാനം രൂപീകരിക്കാനാണ് ഇന്ത്യ നിരന്തരമായി പരിശ്രമിയ്ക്കുന്നത്. കൊറോണ പോരാട്ടത്തിലെ ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിംഗ് പറഞ്ഞു.
തുടക്കം മുതല്‍ തന്നെ ഇന്ത്യ മികച്ച രീതിയിലാണ് മഹാമാരിയെ പ്രതിരോധിച്ചത്. ഇന്ത്യ സ്വന്തം രാജ്യത്തെ കാര്യങ്ങള്‍ക്കൊപ്പം തന്നെ മറ്റ് രാജ്യങ്ങള്‍ക്കും സഹായം നല്‍കി. സൗത്ത് ഈസ്റ്റ് എഷ്യന്‍ മേഖലയിലെ രാജ്യങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇന്ത്യ ശ്രമിച്ചെന്നും ആവശ്യക്കാര്‍ക്കെല്ലാം വാക്സിന്‍ എത്തിച്ചെന്നും പൂനം ഖേത്രപാല്‍ സിംഗ് വ്യക്തമാക്കി.
64,180 കോടി രൂപയുടെ പുതിയ പാക്കേജാണ് ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആരോഗ്യ മേഖലയ്ക്കായി പ്രഖ്യാപിച്ചത്. കൊറോണ വാക്സിന് വേണ്ടി 35,000 കോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. നിലവില്‍ ഉപയോഗിക്കുന്ന രണ്ട് വാക്സിനുകള്‍ക്ക് പുറമെ രണ്ട് വാക്സിനുകള്‍ക്ക് കൂടി ഉടന്‍ അംഗീകാരം നല്‍കുമെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ട വാക്‌സിനും മറ്റ് നൂറോളം രാജ്യങ്ങള്‍ക്ക് വേണ്ട വാക്‌സിനും രാജ്യത്ത് തന്നെ ഉത്പാദിപ്പിയ്ക്കുമെന്നും ബജറ്റ് അവതരണത്തിനിടെ അറിയിച്ചിരുന്നു.
Post Your Comments