ശ്രീനഗർ: ജമ്മു കശ്മീരിൽ മൂന്ന് ലഷ്‌കർ ഇ ത്വയ്ബ ഭീകരർ അറസ്റ്റിൽ ആയിരിക്കുന്നു. ബുദ്ഗാം ജില്ലയിൽ നിന്നാണ് ഭീകരരെ പിടികൂടിയിരിക്കുന്നത്. മുഹമ്മദ് യൂസഫ് ദാർ, അബ്ദുൾ മജീദ് മിർ, റിയാസ് അഹമ്മദ് ബസ്മതി എന്നിവരാണ് അറസ്റ്റിലായത്. ഗ്രനേഡുകളും എകെ-47 ഗ്രൗണ്ട്‌സും ഡിറ്റണേറ്ററുകളും ഉൾപ്പെടെയുള്ള നിരവധി ആയുധശേഖരങ്ങളും മൊബൈൽ ഫോണുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ശ്രീനഗർ, ബുദ്ഗാം ജില്ലകളെ കേന്ദ്രീകരിച്ചായിരുന്നു ഇവർ പ്രവർത്തിക്കുന്നത്.
പ്രദേശത്ത് ഭീകര സാന്നിദ്ധ്യമുള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ റൈഫിൾസും സിആർപിഎഫും ബുദ്ഗാം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരർ പിടിയിലായിരിക്കുന്നത്.
ശ്രീനഗറിൽ നടന്ന ഗ്രനേഡ് ആക്രമണങ്ങളുടെ സൂത്രധാരന്മാരാണ് പിടിയിലായ ഭീകരർ. നിരവധി പാകിസ്താൻ ഇടനിലക്കാരുമായി ഇവർ ബന്ധം പുലർത്തിയിരുന്നു. ലഷ്‌കർ ഇ ത്വയ്ബ സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനും ഇവർ സഹായം നൽകിയിരുന്നു.
Post Your Comments