ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലിയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിലെന്ന് ട്വീറ്റ് ചെയ്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്ക് ഇന്ത്യാടുഡേയുടെ വിലക്ക്. കര്‍ഷകര്‍ക്ക് നേരേ പോലീസ് വെടിവച്ചെന്നും ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടെന്നുമാണ് രാജ്ദീപ് ട്വീറ്റ് ചെയ്തത്.
എന്നാല്‍, അമിത വേഗത്തില്ലെത്തിയ ട്രാക്റ്റര്‍ പോലീസിന്റെ ബാരിക്കേഡില്‍ ഇടിച്ചു മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്ന് ദൃശ്യങ്ങള്‍ സഹിതം പോലീസ് തെളിയിച്ചിരുന്നു. ഇതിനു പിന്നാലെ രാജ്ദീപിനെതിരേയും ഇന്ത്യ ടുഡേ ചാനലിനെതിരേയും വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. കലാപം സൃഷ്ടിക്കാന്‍ രാജ്ദീപ് കരുതിക്കൂട്ടി ട്വീറ്റ് ചെയ്തതാണ് വ്യാജവാര്‍ത്ത എന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്നാണ് ഇന്ത്യാ ടുഡേ സീനിയര്‍ ആങ്കറും കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ചാനല്‍ തീരുമാനിച്ചത്.
രണ്ടാഴ്ച കാലത്തേക്ക് വാര്‍ത്ത പരിപാടി അവതരണത്തില്‍ നിന്നാണ് രാജ്ദീപിനെ മാറ്റിയത്. ഒപ്പം, ഒരു മാസത്തെ ശമ്പളവും നല്‍കില്ല. ചാനലിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടിയെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ എന്നാണ് റിപ്പോര്‍ട്ട്.
Post Your Comments