സൗദി : സ്നാപ്ചാറ്റ് അക്കൗണ്ട് തുടങ്ങിയ സൗദി യുവതിയെ സഹോദരന്മാര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. തങ്ങളുടെ എതിര്‍പ്പ് കണക്കാക്കാതെ യുവതി അക്കൗണ്ട് തുടങ്ങിയതില്‍ പ്രതികാര നടപടിയായാണ് യുവതിയെ കൊലപ്പെടുത്തിയത്. ഖമര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവതിയുടെ സഹോദരി മനാല്‍ തന്നെയാണ് സംഭവം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
തന്റെ സഹോദരി ഖമറിനെ ദിവസങ്ങളായി കാണാനില്ലെന്ന് കാണിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മനാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റിട്ടത്. സ്നാപ്ചാറ്റ് അക്കൗണ്ട് തുടങ്ങിയതിന് തന്റെ രണ്ട് സഹോദരന്‍മാര്‍ക്ക് ഖമറിനോട് വിരോധമുണ്ടായിരുന്നുവെന്നും അവരാണ് ഇതിനു പിന്നിലെന്നും കരുതുന്നതായും മനാല്‍ ആരോപിക്കുകയുണ്ടായി.
രണ്ട് ദിവസം കഴിഞ്ഞ് റിയാദിന് സമീപത്തെ മരുഭൂമിയില്‍ വച്ച് ഖമറിന്റെ മൃതദേഹം ലഭിച്ച വാര്‍ത്തയും സഹോദരി പുറത്ത് വിട്ടു. ഒപ്പം മാതാവ് വാവിട്ട് കരയുന്നതിന്റെ വീഡിയോയും അവര്‍ പോസ്റ്റ് ചെയ്തു. ഇതോടെ വന്‍ പ്രതിഷേധമാണ് ഉയരാന്‍ തുടങ്ങിയത്.
ഇതുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ടെങ്കിലും സൗദിയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ് സംഭവം. സൗദി ഭരണകൂടം വീമ്പിളക്കുന്ന സ്ത്രീസുരക്ഷ വെറും പൊള്ളയാണെന്നും സ്വന്തം വീട്ടില്‍ പോലും സൗദി സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ആരോപിച്ച് നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിയ്ക്കുന്നത്.
സ്വന്തം മുഖം പോലും പ്രൊഫൈല്‍ ചിത്രമായി നല്‍കാതെയായിരുന്നു യുവതി പബ്ലിക് സ്നാപ്ചാറ്റ് അക്കൗണ്ട് തുടങ്ങിയതെന്നും അതുപോലും ഉള്‍ക്കൊള്ളാനാവാതെയാണ് യാഥാസ്ഥിതികരായ സഹോദരന്മാര്‍ ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ പറയുന്നത്.
Post Your Comments