ഭദ്രകാളി ഉപാസകന്റെ അനുഗ്രഹം തേടിയെത്തിയ തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ പാർട്ടി. ശ്രീ സൂര്യനാരായണന്‍ ഗുരുജിയുടെ അനുഗ്രഹത്തിനായി ആര്യ രാജേന്ദ്രൻ കഴിഞ്ഞ ആഴ്ച സ്വാമിയുടെ വീട്ടിൽ എത്തിയിരുന്നു. അച്ഛനോടൊപ്പമായിരുന്നു ആര്യ എത്തിയത്. കഴിഞ്ഞ ദിവസം ഗുരുജി സന്ദർശനവേളയിൽ എടുത്ത ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് സംഭവം പാർട്ടി പോലും അറിഞ്ഞത്.
മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തപ്പോൾ തന്നെ ആര്യയുടെ വാക്കുകൾ ജനങ്ങൾ ഏറെ ശ്രദ്ധയോടെയാണ് നോക്കി കണ്ടത്. പാർട്ടി എടുക്കുന്ന തീരുമാനത്തിനൊപ്പമായിരിക്കും താനെപ്പോഴും പാർട്ടി എന്ത് പറയുന്നോ അത് അതേപോലെ ചെയ്യുക എന്നതാണ് തൻ്റെ കടമയെന്നായിരുന്നു ആര്യയുടെ പക്ഷം. പാർട്ടിയെ ഇത്രയധികം ബഹുമാനിക്കുന്ന ഒരാൾക്ക് എങ്ങനെയാണ് പാർട്ടി നയം അറിയാതെ പോകുന്നതെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.
‘ഞങ്ങളുടെ ചുറുചുറുക്കുള്ള ചെറുപ്പക്കാരിയായ തിരുവന്തപുരം മേയര്‍ അച്ഛനൊപ്പം എന്നെ കാണാനെത്തി . ഭാവിയിൽ അവളുടെ എല്ലാ ലക്ഷ്യങ്ങളും നേടാൻ ഞാൻ ആഗ്രഹിച്ചു. വരും വർഷങ്ങളിൽ മന്ത്രി പദവി കിട്ടാന്‍ ദൈവം അനുഗ്രഹിക്കട്ടെ’ – എന്ന കുറിപ്പോടെയായിരുന്നു സ്വാമിജി ചിത്രം പങ്ക് വച്ചത് .
അതേസമയം ആര്യയുടെ സന്ദർശനം പാർട്ടിക്കുളളിൽ രൂക്ഷമായ വിമർശനങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്. മേയർ തന്നെ പാർട്ടിയുടെ കീഴ്‌വഴക്കങ്ങളെല്ലാം തെറ്റിക്കുന്നുവെന്ന ആരോപണവും ഉരുത്തിരിഞ്ഞു. വിശ്വാസികളെയും, വിശ്വാസങ്ങളെയും തഴയുന്ന സിപിഎമ്മിന് മേയർ ആര്യ രാജേന്ദ്രന്റെ നിലപാട് പാർട്ടി പ്രവർത്തകർക്ക് മുന്നിൽ തലവേദനയാകുമെന്നും സൂചനയുണ്ട്.
Post Your Comments