തിരുവനന്തപുരം : സംസ്ഥാനത്തെ ക്ഷേത്ര ഭരണ സമിതികൾ പിടിക്കാനൊരുങ്ങി സി പി എം.
ക്ഷേത്ര ഭരണ സമിതികളിൽ ആർ എസ് എസുകാരല്ലാത്ത, സി പി എം അനുഭാവമുളള വിശ്വാസികളെ എത്തിക്കാനാണ് പാർട്ടി ആലോചന നടത്തുന്നത്.
കൊല്ലത്തിന്റെ കിഴക്കൻ നിയമസഭാ മണ്ഡലങ്ങളിലും തിരുവനന്തപുരത്തിന്റെ പടിഞ്ഞാറൻ മണ്ഡലങ്ങളിലും ബി ജെ പി മുന്നേറ്റത്തിന് പിന്നിൽ സാമുദായിക ഘടകങ്ങളുമുണ്ട്. ബി ഡി ജെ എസ്–ബി ജെ പി ബന്ധം ബി ജെ പിക്ക് എങ്ങനെ ഗുണം ചെയ്‌തെന്ന കാര്യം വിശദമായി പരിശോധിക്കണം. തൃശൂരിൽ ഏഴും കൊല്ലത്തും പാലക്കാടും ആറു വീതവും കാസർഗോഡ് മൂന്നും കോഴിക്കോട് രണ്ടും നിയമസഭാ മണ്ഡലങ്ങളിൽ ബി ജെ പി മുന്നേറ്റമുണ്ട്. ഈ ഘടകങ്ങൾ പരിശോധിച്ചാണ് ബി ജെ പിയെ ചെറുതായി കാണേണ്ടതില്ലെന്നും ക്ഷേത്ര സമിതികളിൽ ഇടംപിടിക്കണമെന്ന നിർദ്ദേശവും സി പി എം നൽകിയിരിക്കുന്നത്.
അതേസമയം ക്ഷേത്രങ്ങളിൽ സ്വാധീനമുറപ്പിച്ചിരിക്കുന്ന ബി ജെ പി അവിടെയെത്തുന്ന ഭക്തരുമായി സ്ഥാപിക്കുന്ന ബന്ധം തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നും ഇത് അവസാനിപ്പിക്കണമെന്നും സി പി എം പറയുന്നു. ക്ഷേത്ര ഭരണസമിതികളിൽ അംഗങ്ങളാവുകയും വേണമെന്നാണ് പാർട്ടി നിർദ്ദേശം. അതേസമയം സി പി എം ഇത്തരമൊരു തീരുമാനം നേരത്തെ എടുത്തിരുന്നെങ്കിലും അത് ഫലപ്രദമായി നടപ്പാക്കാനായില്ല എന്നാണ് നേതാക്കൾ പറയുന്നത്.
Post Your Comments