തിരുവനന്തപുരം: സോളാര്‍ പീഡനക്കേസുകള്‍ സി.ബി.ഐ.ക്ക് വിട്ട സര്‍ക്കാര്‍ നടപടിയിൽ പ്രതികരിച്ച് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍. സി.ബി.ഐ.ക്ക് വിട്ട കേസുകളില്‍ ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരായ കേസുമുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആരായാലും എന്താണ്. അബ്ദുള്ളക്കുട്ടി അല്ല ഏത് കുട്ടി ആയാലും ശരി, തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്. അബ്ദുള്ളക്കുട്ടി ഒക്കെ അവിടെനില്‍ക്കട്ടെ. അതൊരു വിഷയമുള്ള കാര്യമല്ല. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.
കേസ് സി.ബി.ഐ.ക്ക് വിട്ട സാഹചര്യത്തില്‍ അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തുമോ എന്ന ചോദ്യത്തിന് അത് ബി.ജെ.പി. ദേശീയ നേതൃത്വം ചിന്തിക്കേണ്ട കാര്യമാണെന്നും ബി. ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. അബ്ദുള്ളക്കുട്ടിയെ മാറ്റിനിര്‍ത്തണമോ എന്നത് ദേശീയ നേതൃത്വം ചിന്തിക്കേണ്ട കാര്യമാണ്. ദേശീയ നേതൃത്വമാണ് അദ്ദേഹത്തിന് പദവി നല്‍കിയത്. അതിനാല്‍ അക്കാര്യത്തില്‍ ദേശീയ നേതൃത്വം ഉചിതമായ തീരുമാനമെടുക്കും അദ്ദേഹം വ്യക്തമാക്കി.
എല്‍.ഡി.എഫും യു.ഡി.എഫും ഒരേനാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടെ മറ്റൊരു അഴിമതി ആരോപണംവെച്ച് സ്വന്തം അഴിമതി മറക്കാന്‍ ശ്രമിക്കുകയാണ്. സോളാര്‍ കേസ് സി.ബി.ഐ.യെ ഏല്‍പ്പിക്കുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ നല്ലതാകുന്നത് എങ്ങനെയാണ് എന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു.
Post Your Comments