ഛണ്ഡീഗഡ് : ഒന്നര വയസുകാരിയുടെ ബ്രെയിന്‍ ട്യൂമര്‍ മൂക്ക് വഴി നീക്കം ചെയ്തു. എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയയ്ക്ക് വിധേയ ആകുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണ് പതിനാറ് മാസം പ്രായമായ ഉത്തരാഖണ്ഡ് സ്വദേശിയായ ഈ പെണ്‍ കുഞ്ഞെന്നാണ് റിപ്പോര്‍ട്ട്. കാഴ്ചാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുട്ടിയെ ഛണ്ഡീഗഡ് പോസ്റ്റ് ഗ്രാഡുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (PGIMER)എത്തിച്ചത് എന്നാണ് ആശുപത്രി അധികൃതര്‍ പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നത്.
താന്‍ കാണിച്ച് കൊടുക്കുന്നതൊന്നും മകള്‍ ശ്രദ്ധിക്കുന്നില്ലെന്ന അമ്മയുടെ സംശയമാണ് കുട്ടിയെ ഡോക്ടറുടെ അടുക്കലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ സ്‌കാനില്‍ തലയോട്ടിക്ക് താഴെയായി വലിയൊരു ട്യൂമര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ബ്രെയിനിലെ ട്യൂമര്‍ മൂക്കിലൂടെ നീക്കം ചെയ്യുകയായിരുന്നു. ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ.ദണ്ഡപാണി എസ് എസ്, ഡോ.സുശാന്ത് , ഇഎന്‍ടി വിദഗ്ധ ഡോ.റിജുനിത എന്നിവരുടെ നേതൃത്തിലായിരുന്നു ശസ്ത്രക്രിയ.
വിജയകരമായി പൂര്‍ത്തിയാക്കിയ ശസ്ത്രക്രിയക്കൊടുവില്‍ കുട്ടിയെ ഐസിയുവിലേക്ക് മാറ്റി. കുട്ടി വളരെ വേഗം തന്നെ സുഖം പ്രാപിയ്ക്കുകയും ചെയ്തു. ശസ്ത്രക്രിയ നടന്ന് പത്ത് ദിവസം പിന്നിടുമ്പോള്‍ കുട്ടിയുടെ നില വളരെ മെച്ചപ്പെട്ടുവെന്നും കാഴ്ച സങ്കീര്‍ണ്ണതകള്‍ ഒന്നും നിലവിലില്ലെന്നും അധികൃതര്‍ പറയുന്നു. ഏറ്റവും പുതിയ സിടി സ്‌കാന്‍ അനുസരിച്ച് ട്യൂമര്‍ പൂര്‍ണ്ണമായും നീക്കം ചെയ്യപ്പെട്ടു എന്ന് വ്യക്തമായെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments