Latest NewsKeralaNews

ദേവീക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ വരന്‍ പങ്കെടുത്തത് വീഡിയോ കോള്‍ വഴി : വധുവിന് താലി കെട്ടിയത് സഹോദരിയും

കറ്റാനം: ദേവീക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ വരന്‍ പങ്കെടുത്തത് വീഡിയോ കോള്‍ വഴി . വധുവിന് താലി കെട്ടിയത് സഹോദരിയും. മാവേലിക്കേര സ്വദേശിയായ യുവാവിനാണ് വേറിട്ട അനുഭവം ഉണ്ടായത്. കറ്റാനം കട്ടച്ചിറ മുട്ടക്കുളം ദേവീക്ഷേത്രത്തില്‍ ബുധനാഴ്ച രാവിലെ 11.30ന് ആയിരുന്നു വിവാഹം. മാവേലിക്കര ഓലകെട്ടിയമ്പലം പ്ലാങ്കൂട്ടത്തില്‍ വീട്ടില്‍ വി.ജി സുധാകരന്റെയും രാധാമണിയുടെയും മകന്‍ സുജിത്ത് സുധാകരനാണ് സ്വന്തം വിവാഹത്തിന് വീഡിയോ കോളിലൂടെ പങ്കെടുക്കേണ്ട അവസ്ഥ ഉണ്ടായിരിക്കുന്നത്. കട്ടച്ചിറ പള്ളിക്കല്‍ കൊച്ചുവീട്ടില്‍ വടക്കതില്‍ സുദര്‍ശനന്റെയും കെ തങ്കമണിയുടെയും മകള്‍ എസ് സൗമ്യയെയാണ് സുജിത്ത് വിവാഹം കഴിക്കേണ്ടിയിരുന്നത്.

മൂന്ന് മാസം മുമ്പാണ് വിവാഹം നിശ്ചയിച്ചത്. എന്നാല്‍ കോവിഡ് പിടിപെട്ടതോടെ സുജിത്ത് ഐസൊലേഷന്‍ റൂമിലായി. ഒടുവില്‍ മണ്ഡപത്തിലെത്തിയ സൗമ്യയെ സുജിത്തിന്റെ സഹോദരി മഞ്ജു വരണമാല്യം അണിയിക്കുകയായിരുന്നു. മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സുജിത്ത്. കുടുംബം മുംബൈയില്‍ സ്ഥിരതാമസമാണ്. മൂന്നാഴ്ച മുമ്പാണ് ഇവര്‍ വിവാഹ ചടങ്ങിനായി നാട്ടില്‍ എത്തിയത്.

കോവിഡ് പരിശോധനക്ക് ശേഷം നിരീക്ഷണത്തിലായിരുന്നു. വിവാഹത്തിന് രണ്ട് ദിവസം മുമ്പ് നടത്തിയ കോവിഡ് പരിശോധനയില്‍ സുജിത്തിന് പോസിറ്റീവ് ആവുകയായിരുന്നു. ക്വാറന്റൈനില്‍ ആയതിനാല്‍ സുജിത്തിന്റെ മാതാപിതാക്കള്‍ക്കും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായില്ല. ഇതോടെയാണ് നാട്ടിലുള്ള മഞ്ജുവിന്റെ സാന്നിധ്യത്തില്‍ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചത്. സുജിത്തിന്റെ മാതൃസഹോദരി പുത്രിയാണ് മഞ്ജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button