Latest NewsNewsInternational

അമേരിക്കയുടെ 46-ാം പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരമേറ്റു

വാഷിംഗ്ടണ്‍:അമേരിക്കയില്‍ പുതുയുഗം, അമേരിക്കയുടെ 46-ാം പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരമേറ്റു.
ഇന്ത്യന്‍ സമയം രാത്രി 10.10ന് കമലഹാരിസും 10.20ന് ജോ ബൈഡനും സത്യപ്രതിജ്ഞ ചെയ്തു. യു.എസ് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലെ വേദിയിലായിരുന്നു ചടങ്ങ്. ‘അമേരിക്ക യുണൈറ്റഡ്’എന്നായിരുന്നു സ്ഥാനാരോഹണ പ്രമേയം.

Read Also : ട്രംപ് യുഗം അവസാനിച്ചു ഇനി ബൈഡന്‍, ലോകശ്രദ്ധ ഇനി ബൈഡനിലേയ്ക്ക്

രണ്ട് ടേമുകളിലായി എട്ടു വര്‍ഷം വൈസ് പ്രസിഡന്റും 36 വര്‍ഷം സെനറ്ററുമായ ബൈഡന്‍ അമേരിക്കയുടെ ഏറ്റവും പ്രായമേറിയ പ്രസിഡന്റാണ്. തമിഴ്‌നാട്ടില്‍ കുടുംബ വേരുകളുള്ള കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റപ്പോള്‍ ഇന്ത്യയ്ക്കും അഭിമാന മുഹൂര്‍ത്തമായി.

അമേരിക്കന്‍ ഭരണഘടന പ്രകാരം വൈസ് പ്രസിഡന്റ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ഇത്തവണ വനിത ആദ്യം എന്ന പരിഗണനയും കമലയ്ക്ക് കിട്ടി. അമേരിക്കന്‍ സുപ്രീംകോടതി ജസ്റ്റിസ് സോണിയ സോട്ടോമേയര്‍ ആണ് കമലയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പ്രതിജ്ഞയെടുക്കാന്‍ കമല രണ്ട് ബൈബിളുകള്‍ ഉപയോഗിച്ചു. സുപ്രീംകോടതിയിലെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ ജഡ്ജി തുര്‍ഗൂത് മാര്‍ഷല്‍ ഉപയോഗിച്ചതാണ് ഇതില്‍ ഒന്ന്.

പിന്നാലെ ജോ ബൈഡന്‍ അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 1893 മുതല്‍ ബൈഡന്‍ കുടുംബം സൂക്ഷിക്കുന്ന ബൈബിളാണ് ബൈഡന്‍ പ്രതിജ്ഞയ്ക്ക് ഉപയോഗിച്ചത്.

കൊവിഡ് മൂലം ആഘോഷങ്ങളും വിരുന്നും പരേഡും ഒഴിവാക്കി. വന്‍ ജനാവലിക്ക് പകരം വെറും 1000 പേരാണ് പങ്കെടുത്തത്. കാപ്പിറ്റോള്‍ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ഭീഷണിയുള്ളതിനാല്‍ അതീവ ജാഗ്രതയിലായിരുന്നു തലസ്ഥാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button