കെയ്‌റോ : സ്ത്രീ-പുരുഷ ലൈംഗിക അവയവങ്ങളുടെ രൂപത്തില്‍ കേക്ക് നിര്‍മ്മിച്ച യുവതിയെ അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യന്‍ സ്വദേശിനിയായ ഒരു വനിതാ ബേക്കറാണ് അറസ്റ്റിലായത്. കെയ്‌റോയിലെ ഒരു ഉന്നത സ്‌പോര്‍ട്ട്‌സ് ക്ലബില്‍ നടന്ന സ്വകാര്യ ബര്‍ത്ത്‌ഡേ പാര്‍ട്ടിയിലാണ് യുവതി സഭ്യമല്ലാത്ത രീതിയില്‍ കേക്ക് ഉണ്ടാക്കിയത്.
സ്ത്രീ-പുരുഷ ലൈംഗിക അവയവങ്ങളുടെയും അടിവസ്ത്രങ്ങളുടെയും ഒക്കെയുള്ള രൂപമായിരുന്നു കേക്കിലുണ്ടായിരുന്നത്. സ്വകാര്യ പാര്‍ട്ടിയിലെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇത്തരം പ്രവര്‍ത്തികള്‍ ഇസ്ലാം മതവിശ്വാസ പ്രകാരം വിലക്കിയിട്ടുള്ളതാണെന്നാണ് രാജ്യത്തെ ഉന്നത ഇസ്ലാമിക അതോറിറ്റി അറിയിച്ചത്. സ്ത്രീകളുടെ പാര്‍ട്ടിയിലുണ്ടായ ഈ പ്രകോപനപരമായ നടപടി സമൂഹത്തെ അപമാനിക്കലും രാജ്യത്തെ മൂല്യ വ്യവസ്ഥയ്‌ക്കെതിരായ ആക്രമണവുമാണെന്നാണ് ഈജിപ്തിലെ മതപരമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ഇസ്ലാമിക സ്ഥാപനമായ ദാര്‍ അല്‍ ഇഫ്ത പ്രസ്താവനയില്‍ അറിയിച്ചത്. രൂപങ്ങള്‍ വ്യക്തമാക്കുന്ന ഇത്തരം ചിത്രങ്ങള്‍ ശരീഅത്ത് നിയമം അനുസരിച്ച് വിലക്കപ്പെട്ടതും നിയമപ്രകാരം ക്രിമിനല്‍ കുറ്റവുമാണ് എന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ അറിയപ്പെടുന്ന ഒരു പേസ്ട്രി ഷെഫാണ് ഈ സ്ത്രീ. പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് ചിലരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കെതിരെയും നടപടികള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അറസ്റ്റ് ചെയ്ത സ്ത്രീയെ ഇരുപത്തിഅയ്യായിരം രൂപയോളം കെട്ടിവച്ച ശേഷമാണ് ജാമ്യത്തില്‍ അയച്ചത്. ഇവര്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും സൂചനയുണ്ട്.
Post Your Comments