കൊച്ചി: തണുപ്പിനെ തോല്‍പ്പിക്കാന്‍ സ്മാള്‍ അടിക്കുന്നവര്‍ക്ക് ഡോക്ടറുടെ മുന്നറിയിപ്പ്. തണുപ്പത്ത് മദ്യം അകത്തു ചെല്ലുമ്പോള്‍ തോന്നുന്ന ആ ചൂടും പുകയും സത്യത്തില്‍ ആല്‍ക്കഹോള്‍ ശരീരത്തിന്റെ ഉപരിതലത്തിലെ രക്തക്കുഴലുകള്‍ വികസിപ്പിക്കുന്നത് കൊണ്ട് സംഭവിക്കുന്നതാണെന്ന് ഡോ. ഷിംന അസീസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
Read Also : രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവന്നു
തണുപ്പ് കൂടുമ്പോള്‍ അതിനെ തോല്‍പ്പിക്കാന്‍ വീര്യം കൂടിയ ചെറുത് ഒരെണ്ണം അടിച്ചാലേ ഒരിത് വരൂ എന്ന് കരുതുന്നവരോടാണ്. അതില്‍ വല്യ കാര്യം ഒന്നൂല്ലാന്ന് മാത്രമല്ല, ഉത്തരേന്ത്യയിലെ അതിശൈത്യത്തില്‍ നിന്ന് രക്ഷ തേടാന്‍ മദ്യത്തെ കൂട്ട് പിടിക്കരുത് എന്ന് കൂടി നിര്‍ദേശമിറക്കിയിരിക്കുന്നു കാലാവസ്ഥാ വകുപ്പ്. ങേ, ഇതെന്തു കോപ്പ് എന്നാണോ? ആ ഗ്ലാസ് അവിടെങ്ങാന്‍ വെച്ചിട്ട് ഇവിടെ കമോണ്‍, കുറച്ചു ശാസ്ത്രം പറയാനുണ്ട്.
തണുപ്പത്ത് മദ്യം അകത്തു ചെല്ലുമ്പോള്‍ തോന്നുന്ന ആ ചൂടും പുകയും സത്യത്തില്‍ ആല്‍ക്കഹോള്‍ ശരീരത്തിന്റെ ഉപരിതലത്തിലെ രക്തക്കുഴലുകള്‍ വികസിപ്പിക്കുന്നത് കൊണ്ട് സംഭവിക്കുന്നതാണ്. ഞങ്ങള്‍ ഡോക്ടര്‍മാരുടെ ഭാഷയില്‍ ഇതിനു വാസോഡൈലേഷന്‍ എന്ന് പറയും. അതായത് ഈ കുടിച്ച സാധനം ശരീരത്തിനകത്തെ ചൂടെടുത്തു കൊണ്ട് പോയി പുറം ചൂട് പിടിപ്പിക്കും, ചിലര്‍ വിയര്‍ക്കുക പോലും ചെയ്യും.
ഈ ചൂട് കണ്ട് ആവേശഭരിതരായി തണുപ്പത് ഇറങ്ങിയാല്‍ തൊലിയിലൂടെ കടുത്ത രീതിയില്‍ ശരീരത്തിലെ ചൂട് പുറമേക്ക് നഷ്ടപ്പെട്ടു പോയി ഹൈപ്പോതെര്‍മിയ എന്ന അവസ്ഥ വരാം. ആദ്യഘട്ടത്തില്‍ വിറയലില്‍ തുടങ്ങുന്ന ഈ സംഗതി പിന്നെ ബോധം നഷ്ടപ്പെടുന്നതിലേക്കോ മരണത്തിലേക്കോ വരെ എത്തിപ്പെടാം. പോരാത്തതിന് വെള്ളമടിച്ച വകയായി കിട്ടുന്ന അന്തക്കേട് കൊണ്ട് പുറത്തിറങ്ങി നടന്നുണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളുടെ നീണ്ട നിരയും ചേര്‍ത്ത് വായിക്കണം. അറിയാമല്ലോ, മദ്യം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കുളമാക്കി കൈയില്‍ തരുന്ന വകയായി കിട്ടുന്ന സാഹസികതയും എടുത്തു ചാട്ടവും തെറ്റായ തീരുമാനങ്ങളും നഷ്ടപ്പെടുത്തിയിട്ടുള്ള ജീവനുകള്‍ക്കും നശിപ്പിച്ച ജീവിതങ്ങള്‍ക്കും കൈയും കണക്കുമില്ല.
അപ്പോള്‍, കുറച്ചു മദ്യം ഹാര്‍ട്ടിന് നല്ലതല്ലേ ഡോക്ടറെ എന്ന് ചോദിക്കാന്‍ മുട്ടുന്നുണ്ടോ? വളരെ ചെറിയ അളവില്‍ ചില ഉപകാരങ്ങള്‍ ഉണ്ടോന്നു സംശയം ഉണ്ടെന്നല്ലാതെ ഇന്നും അത് ഉറപ്പിച്ചു പറയാന്‍ സാധിക്കുന്ന സ്ഥിതിയല്ല. ഇനി അഥവാ, നിങ്ങള്‍ ആ പേരില്‍ വല്ല ലേഖനവും പൊക്കി പിടിച്ചോണ്ട് വന്നാല്‍ എനിക്ക് തിരിച്ചു ചിലത് ചോദിക്കാനുണ്ട്. വളരെ നിയന്ത്രിതമായ അളവില്‍ ആല്‍ക്കഹോള്‍ കഴിക്കുന്നതിനെ കുറിച്ചാണല്ലോ അവയെല്ലാം പറയുന്നത്. മട മടാന്നു കുടിക്കാനല്ലാതെ ഈ രീതിയില്‍ കുടിക്കുന്നതല്ലല്ലോ ഇവിടെ ചുറ്റും കാണുന്നത്.
കുടിക്കുന്നവര്‍ക്ക് കരള്‍ അര്‍ബുദം, കരള്‍ രോഗം, അള്‍സര്‍, ഹൃദ്രോഗം, അമിത രക്തസമ്മര്‍ദം എന്ന് തുടങ്ങി ഏറെ രോഗങ്ങള്‍ക്കുള്ള സാധ്യത വണ്ടി പിടിച്ചു വരും. എന്നാല്‍ പിന്നെ കുടിക്കാണ്ടിരുന്നൂടെ?
ഈ സാധനത്തിന്റെ കൂടെ കഴിക്കുന്ന ടച്ചിങ്ങ്സ്, കഴിച്ചാല്‍ പോകുന്ന വീട്ടിലെ മനസ്സമാധാനം തുടങ്ങി ഇതിന്റെ കൂടെ വരുന്ന ദുരിതങ്ങള്‍ വേറേം കുറെ ഉണ്ട്. ഇത്രേമൊക്കെ വില കല്‍പ്പിക്കാനുണ്ടോ ഒരു ലഹരിക്ക്?
എപ്പോ കുടിച്ചാലും ഇതൊക്കെ തന്നെ സ്ഥിതി. തണുപ്പത്ത് കുടിച്ചാലോ? ഒരു താല്‍ക്കാലിക സുഖമൊക്കെ തോന്നിയേക്കും, പക്ഷെ ഹൈപ്പോതെര്‍മിയ വരും ഹൈപ്പോ തെര്‍മിയ. നമുക്ക് വല്ല കട്ടന്‍ കാപ്പിയോ കപ്പ വേവിച്ചതോ ഒക്കെ കഴിച്ച് ഹാപ്പിയായി ഇരിക്കരുതോ?
Post Your Comments