ഹൈദരാബാദ് : സ്യൂട്ട്കേസില്‍ കൊന്നുതള്ളിയ മൃതദേഹം റിയാസിന്റെത് , കൊലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. റിയാസ് എന്ന യുവാവിന്റെ മൃതദേഹമാണ് രംഗറെഡ്ഡി ജില്ലയിലെ രാജേന്ദ്രനഗറില്‍ സ്യൂട്ട് കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ഇയാളുടെ സുഹൃത്തുക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് ഷംഷാബാദ് ഡിസിപി പ്രകാശ് റെഡ്ഡി പറഞ്ഞു. രാജേന്ദ്രനഗറിലെ 220 നമ്പര്‍ തൂണിന് സമീപത്തു നിന്നാണ് മൃതദേഹം കിട്ടിയത്.
റിയാസിനെ ചന്ദ്രായന്‍ഗുട്ട പ്രദേശത്തു നിന്നുമാണ് കാണാതായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. റിയാസും സുഹൃത്തുക്കളായ ഫിറോസ്, സയീദ് എന്നിവര്‍ മദ്യപിച്ച ശേഷം ഓട്ടോയില്‍ രാജേന്ദ്രനഗറില്‍ എത്തുകയായിരുന്നു.
ഇതിനിടെ വാക്കുതര്‍ക്കം ഉണ്ടാകുകയും മര്‍ദ്ദിച്ചു കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി ഉപേക്ഷിക്കുകയുമായിരുന്നു എന്ന് പൊലീസ് സൂചിപ്പിച്ചു. റിയാസ് പ്രതികളില്‍ ഒരാളുടെ സഹോദരിയോട് അപമര്യാദയായി പെരുമാറിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് സൂചിപ്പിച്ചു.
റിയാസിനെ കാണാനില്ലെന്ന് കാണിച്ച് ശനിയാഴ്ച ചന്ദ്രായന്‍ ഗുട്ട പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും, പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും ഡിസിപി വ്യക്തമാക്കി.
Post Your Comments