Latest NewsKeralaNews

‘പാർട്ടിയ്ക്കുള്ളിൽ കലഹം ‘; സിപിഎമ്മില്‍ കൂട്ട രാജി; ആശങ്കയിൽ നേതാക്കൾ

കോണ്‍ഗ്രസ് ടിക്കറ്റില്‍ ചിറ്റാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്ന് വിജയിച്ച സജി കുളത്തുങ്കലിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാക്കാന്‍ കൂട്ടു നിന്നതിന്റെ പേരിലാണ് സിപിഎമ്മില്‍ പൊട്ടിത്തെറി.

പത്തനംതിട്ട: സിപിഎമ്മില്‍ കൂട്ട രാജി. ചിറ്റാറില്‍ പതിനഞ്ചോളം പേരാണ് പാര്‍ട്ടി വിട്ടത്. ലോക്കല്‍ കമ്മറ്റി യോഗത്തില്‍ പത്ത് അംഗങ്ങള്‍ വിട്ടു നില്‍ക്കുകയും ചെയ്തു. ചിറ്റാറിലെ പാര്‍ട്ടിയുടെ മുഖമായ എംഎസ് രാജേന്ദ്രന്‍ ഇടഞ്ഞു നില്‍ക്കുകയുമാണ്. കോണ്‍ഗ്രസ് ടിക്കറ്റില്‍ ചിറ്റാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്ന് വിജയിച്ച സജി കുളത്തുങ്കലിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാക്കാന്‍ കൂട്ടു നിന്നതിന്റെ പേരിലാണ് സിപിഎമ്മില്‍ പൊട്ടിത്തെറി. സജി കുളത്തുങ്കില്‍ വിജയിച്ച രണ്ടാം വാര്‍ഡ് പന്നിയാറില്‍ സിപിഎം സ്ഥാനാര്‍ത്ഥി രക്തസാക്ഷി എംഎസ് പ്രസാദിന്റെ സഹോദരന്‍ എംഎസ് രാജേന്ദ്രന്‍ ആയിരുന്നു. രാജേന്ദ്രനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടിയാണ് രണ്ടാം വാര്‍ഡില്‍ സിപിഎം തെരഞ്ഞെടുപ്പ് നേരിട്ടത്.

വെറും മൂന്നു വോട്ടിനാണ് രാജേന്ദ്രന്‍ സജി കുളത്തുങ്കലിനോട് തോറ്റത്. ഇതേ സജിയെ തന്നെ കൂട്ടുപിടിച്ച്‌ സിപിഎം പഞ്ചായത്ത് ഭരണം കൈക്കലാക്കിയത് സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്. പന്നിയാര്‍ വാര്‍ഡ് കമ്മറ്റിയില്‍ നിന്ന് പതിനഞ്ചോളം പേര്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജി വച്ചു. ബുധനാഴ്ച ചേര്‍ന്ന ലോക്കല്‍ കമ്മറ്റി യോഗത്തില്‍ നിന്ന് 10 അംഗങ്ങള്‍ വിട്ടു നിന്നു. അഞ്ചു പേരെ വച്ചാണ് യോഗം ചേര്‍ന്നത്.

Read Also: കാസർഗോഡ് ഭർത്താവ് ഭാര്യയെ വെടിവെച്ചു കൊന്നു

എന്നാൽ എംഎസ് രാജേന്ദ്രന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന ലോക്കല്‍, ഏരിയാ കമ്മറ്റി യോഗങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു. ജനീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് സജിയെ മറുകണ്ടം ചാടിച്ച്‌ പ്രസിഡന്റാക്കുന്നതിനുള്ള ചര്‍ച്ചകള്‍ അരങ്ങേറിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തലേന്ന് രാത്രി 11 മണിയോടെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്റെ നേതൃത്വത്തില്‍ ചിറ്റാറില്‍ അടിയന്തിര ലോക്കല്‍ കമ്മറ്റി ചേര്‍ന്നിരുന്നു. അതിലാണ് സജിയെ തങ്ങള്‍ക്കൊപ്പം ചേര്‍ത്ത് പ്രസിഡന്റാക്കാനുള്ള തീരുമാനമെടുത്തത്.

കോണ്‍ഗ്രസില്‍ നിന്നൊരാളെ അടര്‍ത്തിയെടുത്ത് പ്രസിഡന്റാക്കിയ നടപടി എന്ത് തത്വശാസ്ത്രത്തിന്റെ പേരിലാണെങ്കിലും അംഗീകരിക്കില്ല എന്നാണ് ഇവരുടെ നിലപാട്. എംഎസ് രാജേന്ദ്രന്റെ സഹോദരന്‍ എംഎസ് പ്രസാദിനെ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിലെ പ്രതികളെ സംരക്ഷിച്ചതിന്റെ പേരിലാണ് സജി കുളത്തുങ്കലിന്റെ പിതാവായ കെഇ വര്‍ഗീസിനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത്. ചിറ്റാറിന്റെ ചരിത്രത്തിന്റെ ഈ രണ്ടു സംഭവങ്ങള്‍ ഇരുപാര്‍ട്ടിക്കാര്‍ക്കും അത്രവേഗം മറക്കാന്‍ സാധിക്കുന്നതല്ല. അതിനിടെയാണ് കോണ്‍ഗ്രസ് രക്തസാക്ഷിയുടെ മകനെ പ്രസിഡന്റാക്കാന്‍ സിപിഎമ്മിന്റെ നേതൃത്വം കുറുക്കുവഴി തെരഞ്ഞെടുത്തത്. സജി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടു പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെരാജി പ്രഖ്യാപിച്ചവരുമുണ്ട്.

അതേസമയം സീതത്തോട്ടില്‍ സിപിഎമ്മിനാണ് ഭരണം കിട്ടിയത്. ഇവിടെ പ്രസിഡന്റിനെ നിര്‍ണയിച്ചതിലും പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുണ്ട്. സീതത്തോട് പഞ്ചായത്തില്‍ പാര്‍ട്ടിയുടെ പദവി വഹിക്കുന്ന, അഞ്ചാം വാര്‍ഡില്‍ നിന്ന് വിജയിച്ച പിആര്‍ പ്രമോദിന് പകരം ആറാം വാര്‍ഡായ കമ്ബിളിലൈനില്‍ നിന്ന് വിജയിച്ച ജോബി ടി ഈശോയെ ആണ് ജനീഷ്‌കുമാര്‍ പിന്തുണച്ചത്. ഈ നിലപാടിനെതിരേയാണ് പ്രതിഷേധം. രണ്ട് സ്ഥലത്തും ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരെ പ്രസിഡന്റാക്കി വരുന്ന തെരഞ്ഞെടുപ്പില്‍ അവരുടെ വോട്ടുറപ്പിക്കാനുള്ള നീക്കമാണ് ജനീഷ് നടത്തുന്നത് എന്നാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ആക്ഷേപമുള്ളത്.

shortlink

Post Your Comments


Back to top button