കലബുര്‍ഗി: തദ്ദേശ തിരഞ്ഞെടുപ്പിനെ ചൊല്ലി രണ്ടു വീട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ മാതാവിനെ അറസ്റ്റ് ചെയ്തപ്പോള്‍ ജയിലിലായ ജുവാര്‍ഗി താലൂക്കിലെ ജൈനാപൂര്‍ ഗ്രാമത്തിലെ ഭാരതി എന്ന മൂന്നു വയസ്സുകാരി മരണപ്പെട്ടു. ഇത് കര്‍ണാടകയില്‍ വൻ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ശനിയാഴ്ചയാണ് കലബുര്‍ഗിയിലെ ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിൽ (ജിംസ്) മൂന്നു വയസ്സുകാരി മരിക്കുകയുണ്ടായത്. ജയിലില്‍ വച്ച് ആരോഗ്യനില മോശമായതോടെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതേതുടർന്ന് സംഭവത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് പ്രദേശവാസികലാണ് ജിംസ് ആശുപത്രിക്കു മുന്നില്‍ പോലിസിനെതിരേ പ്രതിഷേധവുമായെത്തിയിരിക്കുന്നത്.
കുട്ടിയെയും മാതാപിതാക്കളായ രവി തല്‍വാറിനെയും സംഗീതയെയും ഡിസംബര്‍ 30ന് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ച് മറ്റൊരു കുടുംബവുമായി ഉണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ജയിലിലടക്കുകയായിരുന്നു ഉണ്ടായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിലെ ഏഴുപേരെ ഡിസംബര്‍ 31 ന് ഗുല്‍ബര്‍ഗ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കുകയുണ്ടായി. ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണെന്നും ഇവരെല്ലാം ജില്ലയിലെ ആശുപത്രിയിലാണെന്നും ആകെ 10 പേരെ അറസ്റ്റ് ചെയ്തതായും പോലിസ് പറഞ്ഞു.
പെൺകുട്ടിയെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും ബന്ധുക്കള്‍ പരിപാലിക്കാന്‍ വിസമ്മതിച്ചതിനാല്‍ പ്രാദേശിക കോടതിയുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയെ മാതാവിനോടൊപ്പം ജയിലിലേക്ക് അയക്കുകയായിരുന്നുവെന്ന് കലബുര്‍ഗി എസ്പി സിമി മറിയം ജോര്‍ജ് വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐയോട് പറഞ്ഞു.
മരണപ്പെട്ട ഭാരതിയുടെ കുടുംബം കോണ്‍ഗ്രസ് അനുഭാവിയായ കുടുംബമാണ്. ബിജെപി അനുഭാവികളായ മറ്റൊരു കുടുംബവുമായാണ് ഇവർ സംഘട്ടനത്തിലാക്കുകയുണ്ടായത്. പോലിസ് ഇരുവര്‍ക്കുമെതിരേ കേസെടുത്തെങ്കിലും ബിജെപി അനുഭാവികള്‍ക്ക് സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയക്കുകയായിരുന്നു ഉണ്ടായത്. എന്നാൽ അതേസമയം കോണ്‍ഗ്രസ് അനുഭാവി കുടുംബത്തെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചു. പ്രദേശത്തെ എംഎല്‍എയായ കോണ്‍ഗ്രസ് നേതാവ് അജയ് സിങ് പോലിസിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി കലബുര്‍ഗി എസ്പി സിമി മറിയം ജോര്‍ജ് അറിയിച്ചു.
Post Your Comments