തിരുവനന്തപുരം: പുതിയ വര്‍ഷത്തില്‍ കര്‍ഷകര്‍ക്ക് നിരവധി സഹായങ്ങളുമായി പിണറായി സര്‍ക്കാര്‍. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗമാകുന്നതിന് ഓണ്‍ലൈന്‍ എന്റോള്‍മെന്റ് ഈ മാസമൊടുവില്‍ തുടങ്ങും. കൃഷിഭവനിലൂടെയും അക്ഷയ കേന്ദ്രങ്ങളിലൂടെയും അപേക്ഷിക്കാനും അവസരമുണ്ടാകും.18 വയസ്സു തികഞ്ഞ 55 വയസ്സു പൂര്‍ത്തിയാകാത്ത കര്‍ഷകര്‍ക്കു ക്ഷേമനിധി ബോര്‍ഡില്‍ അംഗമാകാം. 3 വര്‍ഷത്തില്‍ കുറയാതെ കൃഷി പ്രധാന ഉപജീവനമാര്‍ഗമായിരിക്കണം. 5 സെന്റില്‍ കൂടുതലും 15 ഏക്കറില്‍ താഴെയും ഭൂമി സ്വന്തമായുള്ളതോ പാട്ടത്തിനെടുത്തതോ ആയ കര്‍ഷകര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം കിട്ടും.
കാര്‍ഷിക വികസനത്തിനൊപ്പം കര്‍ഷകന്റെ കുടുംബഭദ്രതയും ഉറപ്പാക്കാനാണ് കര്‍ഷക ക്ഷേമനിധി ബോര്‍ഡിന് രൂപം നല്‍കിയത്. കര്‍ഷകരുടെയും ജനപ്രതിനിധികളുടെയുമെല്ലാം അഭിപ്രായങ്ങള്‍ കേട്ട് വിശദമായ ചര്‍ച്ചകള്‍ക്കുശേഷമാണ് ബോര്‍ഡിന് രൂപം നല്‍കിയത്. കേരളത്തിലെ കര്‍ഷകരുടെ വികസന നാള്‍വഴിയില്‍ വലിയ ചുവടുവയ്പാണ് ക്ഷേമനിധി ബോര്‍ഡ്.
സംസ്ഥാനത്ത് 60 വയസ്സു പൂര്‍ത്തിയായ കര്‍ഷകര്‍ക്കു പ്രതിമാസം 1500 രൂപ പെന്‍ഷനായി നല്‍കുന്നുണ്ട്. ഇതു തുടരുമെങ്കിലും വിതരണം കര്‍ഷക ക്ഷേമനിധി ബോര്‍ഡിലൂടെയാകും. കിസാന്‍ അഭിമാന്‍ പദ്ധതി അംഗങ്ങളും ക്ഷേമനിധിയിലേക്കു മാറും. കൃഷി, അനുബന്ധ മേഖലകളിലായി 30 ലക്ഷം പേര്‍ക്കെങ്കിലും ആനുകൂല്യം ലഭ്യമാക്കുകയാണു കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ ലക്ഷ്യം. അംഗത്വ റജിസ്ട്രേഷന്‍ ഫീസ് 100 രൂപ. അംശദായമായി അടയ്ക്കേണ്ടത് കുറഞ്ഞത് 100 രൂപ. ഉയര്‍ന്ന പരിധിയില്ല. തുല്യവിഹിതമായി 250 രൂപ വരെ സര്‍ക്കാര്‍ അടയ്ക്കും.
5 വര്‍ഷത്തില്‍ കുറയാതെ അംശദായം അടച്ചവര്‍ക്ക് 60 വയസ്സു തികയുമ്പോള്‍ അംശദായത്തിന്റെയും വര്‍ഷത്തിന്റെയും അടിസ്ഥാനത്തില്‍ പെന്‍ഷന്‍. പ്രതിമാസം 3000 മുതല്‍ 5000 രൂപ വരെ പെന്‍ഷന്‍ നല്‍കാനാണു നിലവിലെ ആലോചനയെന്നു ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. പി. രാജേന്ദ്രന്‍ അറിയിച്ചു. വാര്‍ഷിക വരുമാനം 5 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. മറ്റേതെങ്കിലും ക്ഷേമനിധിയില്‍ അംഗമായിരിക്കരുത്. അംഗത്വം ലഭിക്കാന്‍ 100 രൂപ രജിസ്‌റ്റ്രേഷന്‍ ഫീസ് ബാങ്കില്‍ അടച്ചതിന്റെ ചലാനോ 100 രൂപയുടെ കേരള കര്‍ഷക ക്ഷേമനിധി സ്റ്റാമ്പോ സമര്‍പ്പിക്കണം.
25 വര്‍ഷം അംശദായം അടച്ചവര്‍ക്ക് ഒറ്റത്തവണ നിശ്ചിത തുക ലഭിക്കും. അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകും. സ്ഥിരമായി അവശത അനുഭവിക്കുന്നവര്‍ക്കു സഹായം നല്‍കും. ചികിത്സാ സഹായം, മക്കള്‍ക്കു വിദ്യാഭ്യാസ ഉപരിപഠന സഹായം, വനിതാ അംഗങ്ങളുടെയോ പെണ്‍മക്കളുടെയോ വിവാഹത്തിനും പ്രസവശുശ്രൂഷയ്ക്കും സഹായം എന്നിവയുമുണ്ടാകും. കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കെ അംഗത്തിനോ കുടുംബാംഗങ്ങള്‍ക്കോ അപകടം, മരണം, വന്യജീവി ആക്രമണം, വിഷബാധ എന്നിവ സംഭവിച്ചാല്‍ നഷ്ടപരിഹാരം.
ഉദ്യാനം, നഴ്സറി, വിളകളും ഇടവിളകളും, ഫലവൃക്ഷങ്ങള്‍, പച്ചക്കറി, പുല്ല്, തീറ്റപ്പുല്ല് തുടങ്ങി എല്ലാ വിഭാഗത്തിലെയും കര്‍ഷകര്‍ ക്ഷേമനിധി പരിധിയില്‍ ഉള്‍പ്പെടും; മത്സ്യം, അലങ്കാരമത്സ്യം, ചിപ്പി, തേനീച്ച, പട്ടുനൂല്‍ പുഴു, കോഴി, താറാവ്, കാട, ആട്, മുയല്‍, കന്നുകാലി, പന്നി തുടങ്ങിയവയെ വളര്‍ത്തുന്നവരും, ഏഴര ഏക്കറില്‍ താഴെയുള്ള റബര്‍, കാപ്പി, തേയില, ഏലം, തോട്ടവിള കൃഷിക്കാര്‍ക്കും പദ്ധതിയില്‍ ചേരാനാകും. കാര്‍ഷികോല്‍പന്നങ്ങള്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി വില്‍ക്കുന്ന വ്യാപാരികള്‍ വാര്‍ഷിക ലാഭത്തിന്റെ ഒരു ശതമാനം തുക കാര്‍ഷിക ഇന്‍സന്റീവായി കര്‍ഷക ക്ഷേമനിധിയിലേക്ക് അടയ്ക്കണം.
Post Your Comments