ചെന്നൈ: തീവ്ര ഇസ്ലാം മതമൗലികവാദത്തിലൂടെ പ്രസിദ്ധമായ എഐഎംഐഎം നേതാവ് അസാസുദ്ദീന്‍ ഒവൈസിയെ തെരഞ്ഞെടുപ്പ് ജനുവരി 6 ന് നടക്കാനിരുന്ന തിരഞ്ഞെടുപ്പ് യോഗത്തിലേക്ക് ക്ഷണിച്ച ഡിഎംകെ നിലപാടിനെതിരെ വിമർശനവുമായി പ്രാദേശിക മുസ്ലിം നേതാക്കൾ.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഡിഎംകെ വിളിച്ചു ചേത്ത ന്യൂനപക്ഷ വിഭാഗത്തിന്റെ യോഗത്തിലേക്കാണ് ഒവൈസിക്കും ക്ഷണമുണ്ടായിരുന്നത്. മുസ്ലിം നേതാക്കളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഒടുവിൽ വാർത്ത നിഷേധിക്കേണ്ട ഗതികേടിലായി ഡിഎംകെ. സഖ്യകക്ഷികളുടെ നേതാക്കളെ മാത്രമാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്ന് വിശദീകരണം നൽകി മുൻ നിലപാടിൽ നിന്നും മലക്കം മറിയുകയായിരുന്നു ഡിഎംകെ.
ഡിഎംകെയുടെ ന്യൂനപക്ഷ ക്ഷേമ വിഭാഗം സെക്രട്ടറി ഡോ ഡി മസ്താനും എഐഎംഐഎം തമിഴ്‌നാട് ഘടകം പ്രസിഡന്റ് വക്കില്‍ അഹമ്മദും ചേര്‍ന്നാണ് അസാസുദ്ദീന്‍ ഒവൈസിയെ യോഗത്തിലേക്ക് ക്ഷണിച്ചത്. ഡിഎംകെ യോഗത്തിലേക്ക് ഒവൈസിയെ ക്ഷണിച്ച വിവരം വക്കീൽ അഹമ്മദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ഡിഎംകെ നേതാവ് മസ്താന്‍ ഒവൈസിയുമായി കൂടിക്കാഴ്ച നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് തമിഴ്നാട്ടിലെ പ്രാദേശിക മുസ്ലിം നേതാക്കൾ എതിർപ്പുമായി രംഗത്ത് വന്നത്. ഇതിനിടയിൽ ഡിഎംകെ ഒവൈസിയുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കുമെന്ന പ്രചരണവും സംസ്ഥാനത്ത് ശക്തമായിരുന്നു. ഇതേ തുടർന്ന് ഒടുവിൽ തീരുമാനത്തിൽ നിന്നും ഡിഎംകെ പിൻമാറുകയായിരുന്നു.
കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഖ്യത്തിലേര്‍പ്പെടാനും ഒവൈസി കണക്ക് കൂട്ടലുകൾ നടത്തുന്നതായിട്ടാണ് ലഭിക്കുന്ന സൂചനകൾ. തമിഴ്‌നാട്ടില്‍ 25 സീറ്റിലെങ്കിലും മത്സരിക്കാൻ എഐഎംഐഎം ആലോചിക്കുന്നതായിട്ടാണ് പുറത്ത് വരുന്ന വിവരങ്ങൾ.
Post Your Comments