തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളുകൾ തുറക്കുമ്പോൾ സുരക്ഷ ഒരുക്കാൻ 83000 ലിറ്റർ സാനിറ്റൈസർ പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് (കെഎസ്ഡിപി) നൽകാനായി ഒരുങ്ങുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 4402 സർക്കാർ-എയിഡഡ് സ്‌കൂളുകളിലേക്കാണ് സാനിറ്റൈസർ വിതരണം നടത്തുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് ലഭിച്ച ഓർഡർ പ്രകാരമാണ് സാനിറ്റൈസർ നൽകുന്നത്. ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം, തൃശൂർ, വയനാട്, ജില്ലകളിൽ വിതരണം തുടങ്ങിയിരിക്കുകയാണ്. കാസർകോട്, കോഴിക്കോട്, കണ്ണൂർ, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വിതരണം തിങ്കളാഴ്ച തുടങ്ങും.കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ നിർദേശത്തെ തുടർന്നാണ് കെഎസ്ഡിപി സാനിറ്റൈസർ നിർമ്മാണം തുടങ്ങിയത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് കുറഞ്ഞവിലയിലാണ് കെഎസ്ഡിപി സാനിറ്റൈസർ വിപണിയിലിറക്കിയിരിക്കുന്നത്. ഇതോടെ പൊതുവിപണിയിലെ സാനിറ്റൈസർ വില നിയന്ത്രിക്കാനുമായി.
തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിങ്ബൂത്തുകളിലേക്ക് ആവശ്യമായ സാനിറ്റൈസർ കെഎസ്ഡിപി ഉൽപാദിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി 2.5 ലക്ഷം ലിറ്റർ സാനിറ്റൈസറാണ് കലവൂരിലെ ഫാക്ടറിയിൽ നിർമ്മിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് ആവശ്യമായ സാനിറ്റൈസർ നിർമ്മിക്കുന്നതും കെഎസ്ഡിപിയാണ്. തുടക്കത്തിൽ അരലിറ്റർ ബോട്ടിലിലായിരുന്നു സാനിറ്റൈസർ പുറത്തിറക്കിയത്. ഇപ്പോൾ 250, 200, 100 മില്ലീലിറ്ററിനു പുറമേ അഞ്ച് ലിറ്ററിന്റെ ബോട്ടിലും വിപണിയിൽ ലഭിക്കുന്നതാണ്.
ഇതുവരെ 20ലക്ഷം സാനിറ്റെസർ ഈ പൊതുമേഖലാ സ്ഥാപനത്തിൽ ഉൽപാദിപ്പിച്ചു. 51.88 കോടി രൂപയുടെ വിറ്റുവരവും ഇതിലൂടെ നേടിയിരിക്കുന്നത്. വൈവിധ്യവൽക്കരണത്തിലൂടെ വലിയ മുന്നേറ്റത്തിലാണ് കെഎസ്ഡിപി.കൊവിഡിനെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ വെള്ളിയാഴ്ചയാണ് തുറന്നത്. ആദ്യഘട്ടത്തിൽ 10, പ്ലസ്ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്.
Post Your Comments