Latest NewsNewsSaudi Arabia

എണ്ണ കയറ്റുമതി വരുമാനത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തി സൗദി

റിയാദ്: സൗദി അറേബ്യയുടെ ഈ വര്‍ഷത്തെ എണ്ണ കയറ്റുമതി വരുമാനത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് എണ്ണ വരുമാനം പകുതിയായി കുറഞ്ഞതായി സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകളിൽ പറയുകയാണ്.

കൊറോണ വൈറസിനെ തുടർന്ന് ആഗോള തലത്തില്‍ അനുഭവപ്പെട്ട പ്രതിസന്ധിയാണ് എണ്ണ വരുമാനത്തില്‍ വന്‍ ഇടിവിന് കാരണമായിരിക്കുന്നത്. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ച കണക്കിലാണ് എണ്ണവരുമാനത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി മുതല്‍ ഓക്ടോബര്‍ വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് നഷ്ടം കാണുന്നത്.

ഈ വര്‍ഷം ഇതുവരെയായി എണ്ണ കയറ്റുമതിയിലൂടെ രാജ്യം 372 ശതകോടി റിയാലാണ് വരുമാനമുണ്ടാക്കിയത്. മുന്‍വര്‍ഷം ഇതേ കാലയളവിലെ എണ്ണ കയറ്റുമതി വരുമാനം 626.83 ശതകോടി റിയാലായിരുന്നു. ഏകദേശം 254.76 ശതകോടി റിയാലിന്റെ കമ്മി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ 235 കോടി ബാരല്‍ ക്രൂഡ് ഓയിലാണ് സൗദി അറേബ്യ വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. കഴിഞ്ഞവര്‍ഷം ഇത് 253 കോടി ബാരലായിരുന്നു ഉണ്ടായിരുന്നത്.

എണ്ണ ഉൽപാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകും ഇതര ഉൽപാദക രാഷ്ട്രങ്ങളും ചേര്‍ന്ന് നടപ്പാക്കിയ ഉൽപാദന നിയന്ത്രണം, കൊറോണ വൈറസ് വ്യാപനം മൂലമുണ്ടായ നിയന്ത്രണങ്ങളില്‍ ആഗോളതലത്തില്‍ എണ്ണ ഉപഭോഗം കുറഞ്ഞത്. എണ്ണ വിലയില്‍ നേരിട്ട വിലത്തകര്‍ച്ച എന്നിവയെല്ലാം കയറ്റുമതിയെ സാരമായി ബാധിച്ചതാണ് വരുമാന നഷ്ടത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാകുകയാണ്. എന്നാല്‍ കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ നീങ്ങിത്തുടങ്ങിയതോടെ എണ്ണ ആവശ്യകതയില്‍ ക്രമാതീതമായ വര്‍ധന അനുഭവപ്പെട്ടുവരുന്നതായും കണക്കുകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button