നെയ്യാറ്റിന്‍കര: കുടിയൊഴിപ്പിക്കലിനിടെ ഗുരുതര പൊള്ളലേറ്റു ചികില്‍സയ്ക്കിടെ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. ജീവന്‍ നഷ്ടപ്പെട്ട ദമ്പതികളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധിക്കുന്നത്. മരണത്തിനുത്തരവാദി പൊലിസാണെന്നും ഇവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
നാട്ടുകാര്‍ക്കൊപ്പം മരിച്ച ദമ്പതികളുടെ മക്കളും ചേര്‍ന്നിട്ടിട്ടുണ്ട്. കുട്ടികളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, കുടുംബത്തിന് അടിയന്തരമായി ധനസഹായം, സ്ഥലം പേരിലാക്കി അവിടെ വീട് നിര്‍മ്മിച്ച് നല്‍കണം ദമ്പതികള്‍ പൊള്ളലേറ്റ് മരിക്കാന്‍ കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. പൊള്ളലേറ്റു മരിച്ച അമ്പിളിയുടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് തടഞ്ഞുവച്ചാണ് പ്രതിഷേധം. തഹസീല്‍ദാര്‍ വാക്കാല്‍ ഉറപ്പ് നല്‍കിയെങ്കിലും രേഖപ്രകാരം നല്‍കണമെന്നാണ് ആവശ്യം.
ദമ്പതികള്‍ മരിച്ച സംഭവത്തില്‍ അയല്‍വാസി വസന്തയെ കസ്റ്റഡിയില്‍ എടുക്കണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു. വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ പൊലീസ് വസന്തയെ കരുതല്‍തടങ്കലില്‍ എടുത്തു. വസന്തക്ക് എതിരെ നാട്ടുകാരുടെ ഭാഗത്തു നിന്നും വലിയ രീതിയില്‍ ഉള്ള പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്രമസമാധാന നില തകരാതിരിക്കാനാണ് പൊലീസ് നടപടി.
ക്രമസമാധാന പ്രശ്‌നമുള്ളതിനാല്‍ വസന്തയെ സ്ഥലത്തുനിന്നു മാറ്റാന്‍ സ്ഥലം സന്ദര്‍ശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനും നിര്‍ദ്ദേശിച്ചിരുന്നു. വസന്തയെ വീട്ടില്‍നിന്ന് മാറ്റാതെ അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്നു നാട്ടുകാരില്‍ ചിലര്‍ നിലപാടെടുത്തു. വസന്തയെ മാറ്റാന്‍ വൈകിയതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ചോറുകഴിക്കാന്‍ പോലും അനുവദിക്കാതെ രണ്ടുപേരെ ഇല്ലാതാക്കിയ പൊലീസെന്ന ആക്രോശങ്ങളുയര്‍ന്നു.
നെയ്യാറ്റിൻകര സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍, ‘പോലീസിന്റെ ഗുരുതര വീഴ്ച പരിശോധിക്കണം’
മരിച്ച രാജനും ഭാര്യ അമ്പിളിയും കുടുംബവും താമസിക്കുന്ന പോങ്ങില്‍ ലക്ഷംവീട് കോളനിയിലെ ഭൂമി തന്റേതാണെന്നു കാട്ടി വസന്ത നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. 2 മാസം മുന്‍പ് കോടതിയില്‍നിന്ന് ഒഴിപ്പിക്കാന്‍ ആളെത്തിയെങ്കിലും രാജന്‍ വിസമ്മതിച്ചു. പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാന്‍ വീണ്ടും അധികൃതരെത്തിയപ്പോഴാണ് രാജന്‍ തലയിലൂടെ പെട്രോള്‍ ഒഴിച്ചതും, അപകടമുണ്ടായതും.
രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടര്‍ന്നുപിടിച്ചത്. ഇരുവരും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാജന്റെ ഇരു വൃക്കകളും തകരാറിലായതായിരുന്നു മരണകാരണം. രാജന്റെ മരണത്തിന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങി.
Post Your Comments