നമ്പർ 1 പ്രബുദ്ധ കേരളത്തിന്റെ തലസ്ഥാനത്താണ് കരഞ്ഞുകൊണ്ട് ഒരു കൗമാരക്കാരൻ തന്റെ അച്ഛനായി കുഴിമാടം തോണ്ടിയത്. സമാശ്വസിപ്പിക്കുന്നതിനു പകരം ധാർഷ്ട്യത്തിന്റെ നിയമസംഹിതയാണ് അപ്പോഴും പോലീസ് അവനായി കരുതിവച്ചത്. 21 ന്റെ യുവത്വം ഭരണയന്ത്രം തിരിക്കാൻ തുടങ്ങിയത് വൈറൽ വാർത്തയാക്കി കൊണ്ടാടിയ പൊതുസമൂഹം ഒരു കൗമാരക്കാരന്റെ ചൂണ്ടുവിരലിനു മുന്നിൽ തല കുനിച്ചേ മതിയാകൂ. രണ്ടും നടന്നത് തിരുവനന്തപുരത്ത് !
Read Also : സംസ്ഥാനങ്ങൾക്ക് ആറായിരം കോടി രൂപ കൂടി അനുവദിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം
ആ ചൂണ്ടുവിരൽ നീണ്ടിരിക്കുന്നത് നമുക്ക് ഓരോരുത്തർക്കും നേരെയാണ്. ഒരൊറ്റ ദിവസം കൊണ്ട് അവനെ അനാഥനാക്കിയ ബാധ്യതയിൽ നിന്നും നമുക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. കരുതലിന്റെ പി.ആർ വേർഷനുകൾ പണിയെടുത്ത അതേ നന്മയുള്ള കേരളത്തിലാണ് ആ മോന്റെ അച്ഛനെയും അമ്മയെയും കുരുതി കൊടുത്തത്. ആര് ? നമ്മൾ ! പ്രബുദ്ധ മലയാളി. രാഷ്ട്രീയ മേലാളന്മാർ കൈയ്യേറിയ ഏക്കറു കണക്കിനു സർക്കാരു ഭൂമി കൺമുന്നിലുണ്ടായിട്ടും ഒരു ചുക്കും ചെയ്യാതെ വീണ്ടും വീണ്ടും വോട്ടു കുത്തി കൈയ്യേറ്റത്തിനു ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന നമ്മുടെ ചീപ്പ് പ്രബുദ്ധത !
അത്തരം കൈയ്യേറ്റ മാഫിയകൾക്ക് സ്തുതി പാടി സല്യൂട്ട് അടിക്കുന്ന നീതിപാലനത്തിന്റെ തേർഡ് റേറ്റഡ് അടിമത്തം. എന്നിട്ടോ മൂന്നു സെന്റ് കയ്യേറിയവന് നേരേ നിയമ നടപടി ആ നിമിഷം നടപ്പാക്കിയില്ലെങ്കിൽ , ആകാശം ഇടിഞ്ഞു വീണേക്കുമെന്ന ഫിൽത്തി സോഷ്യൽ ഓഡിറ്റിംഗ്. ഗതികേടിന്റെയും ഗത്യന്തരമില്ലായ്മയുടെയും അവസാനത്തെ തുരുമ്പ് ആത്മഹത്യാ രൂപത്തിൽ കാട്ടാനൊരുങ്ങുന്ന മനുഷ്യനെ മയത്തിൽ കൈകാര്യം ചെയ്യാതെ ധാർഷ്ട്യത്തിന്റെ രൂപത്തിൽ ചെയ്തില്ലെങ്കിൽ കാക്കിയ്ക്ക് വിലയുണ്ടാവില്ലെന്ന അധമബോധം പാവപ്പെട്ടവന്റെ നേരേ നീട്ടുന്ന നീതിപാലനം. ഇതാണത്രേ നമ്പർ 1 നന്മയുള്ള കേരളം.
ആ കുഞ്ഞിന്റെ ചൂണ്ടുവിരൽ നീളുന്നത് ഒരുപാട് ഫേക്ക് ഇസങ്ങളുടെ നെഞ്ചിനു നേരെയാണ്. ലഹരിമാഫിയാ ബന്ധങ്ങളുടെ പേരിൽ അറസ്റ്റിലായ ഉന്നതനായ രാഷ്ട്രീയ നേതാവിന്റെ മകന്റെ കുഞ്ഞിനു ഡയപ്പറു വാങ്ങാൻ പാഞ്ഞ ബാലാവകാശകമ്മിഷൻ മേലാളന്മാർ 22 നു പൊള്ളലേറ്റു ഗുരുതരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരച്ഛന്റെയും അമ്മയുടെയും രണ്ടാൺ മക്കളെ കണ്ടിരുന്നില്ല. കാരണം അവർ കൂപ്പർ ബാലന്റെ മക്കളല്ലാ, വെറും വെറും സാധാരണക്കാരനായ രാജന്റെ മക്കളാണ്. സെലിബ്രിറ്റി പേറിനു സെൻസേഷൻ കൂട്ടാൻ നെട്ടോട്ടമോടുന്ന മാധ്യമപ്പരിഷകളാരും ഇന്നവൻ ചൂണ്ടുവിരൽ ചൂണ്ടും വരേയ്ക്കും അവരെ കണ്ടില്ല. ഇന്നു മുതൽ ഇതേ വാർത്ത ടൈറ്റിലുകൾ മാറ്റി പത്തും പതിനഞ്ചും തവണ നന്നായി മാർക്കറ്റ് ചെയ്ത് ശവാരാധന നടത്തും നെറികെട്ട മാധ്യമനാറികൾ. ഡിസംബർ 22 മുതൽ 28 വരെ ചാനലുകൾ കണ്ടില്ലെന്നു നടിച്ച നീതി നിഷേധം നാളെ മുതൽ സ്റ്റുഡിയോ ഫ്ലോറിലെ ചർച്ചകളിൽ ഇടം പിടിച്ചേക്കാം, നന്മ വാരി വിതറുന്ന കേരളം ഇങ്ങനൊക്കെയാണ്. കരുതലും കിറ്റും ലൈഫ് മിഷനിലെ രണ്ടര ലക്ഷം വീടുകളും ആ ചൂണ്ടിയ വിരലിനു മുന്നിൽ ചൂളിപ്പോകുന്ന ജാള്യതയിൽ പുരോഗമന-സാംസ്കാരിക വാലാട്ടികളും അടിമകളും നാളെ മുതൽ അന്യന്റെ സ്ഥലം അപഹരിച്ചതിനെ മാപ്പർഹിക്കാത്ത കുറ്റമായി മാറ്റും.
സാഹിത്യചോരണപ്രസ്ഥാനത്തിലെ വമ്പത്തികൾ ആത്മഹത്യ ഭീരുവിന്റെ ലക്ഷണമാക്കി പ്രസ്താവനയിറക്കും. ആ ചൂണ്ടിയ കൈവിരൽ കണ്ടില്ലെന്നു നടിച്ച് നമ്മൾ വീണ്ടും അടുത്ത ചൂടുളള വാർത്തയ്ക്കായി പരതും ! നന്മയുള്ള കേരളം.
നെയ്യാറ്റിൻകരയിലെ അനാഥരായ ആ കുഞ്ഞുങ്ങൾ വല്ലാതെ നോവിക്കുന്നു; കരയിപ്പിക്കുന്നു. . ഉറങ്ങാനേ കഴിയുന്നില്ല. ഒരു നിമിഷത്തിന്റെ വൈകാരികത ഇല്ലാതെയാക്കിയത് രണ്ട് ജീവനുകളെയാണ് ; എന്നന്നേയ്ക്കുമായി അനാഥരാക്കിയത് രണ്ട് മക്കളെയാണ്. ന്യായാന്യായങ്ങളുടെ തുലാസ്റ്റു കൊണ്ട് മരണം വരിച്ച മനുഷ്യരെ തൂക്കാൻ നില്ക്കാതെ ആ കുഞ്ഞുങ്ങൾക്ക് വേണ്ടി നമുക്ക് എന്തു ചെയ്യാൻ കഴിയുമെന്നാണ് നാം ഓരോരുത്തരും ചിന്തിക്കേണ്ടത്.
അഞ്ജു പാർവതി പ്രഭീഷ്
Post Your Comments