പട്‌ന : മൂന്ന് വയസുള്ള മകളുടെ അസുഖം ഭേദമാകാന്‍ പിതാവ് ഏഴ് വയസുകാരനെ ബലി നല്‍കി. ഡിസംബര്‍ 22-ന് ബീഹാറിലെ ജമുയി ജില്ലയിലെ കൊഹില എന്ന സ്ഥലത്താണ് അതിവിചിത്രമായ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. തൂഫാനി യാദവ് (35) സൗരഭ് കുമാര്‍ എന്ന ഏഴ് വയസുകാരനായ തന്റെ സ്വന്തം അനന്തരവനെ തന്നെയാണ് ബലി നല്‍കിയത്.
സൗരഭ് കുമാര്‍ കടയില്‍ നിന്നും ബിസ്‌കറ്റ് വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അമ്മാവന്‍ തൂഫാനി യാദവ് വാള്‍ ഉപയോഗിച്ച് ഗ്രാമവാസികളുടെ മുന്നില്‍ വെച്ച് കുട്ടിയുടെ തലയറുത്ത് കൊന്നത്. കൃത്യം നടത്തിയ ഉടന്‍ തന്നെ ഇയാള്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. തൂഫാനിയുടെ മകള്‍ അസുഖം ബാധിച്ചു കിടപ്പിലാണ്. കഴിഞ്ഞ വര്‍ഷം അദേഹത്തിന്റെ രണ്ടു മാസം പ്രായമുള്ള മകനും ഇതേ അസുഖം ബാധിച്ചു മരിച്ചിരുന്നു. തുടര്‍ന്ന് ബന്ധു കരു യാദവിന്റെ നിര്‍ദ്ദേശ പ്രകാരം തൂഫാനി ജനാര്‍ദ്ദന്‍ ഗിരി എന്ന മന്ത്രവാദിയുടെ അടുത്ത് പോകുകയായിരുന്നു.
എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ മൂത്ത സഹോദരന്‍ കേവല്‍ യാദവിന്റെ മകന്‍ സൗരഭ് കുമാറിനെ ബലി കൊടുക്കണമെന്ന് മന്ത്രവാദി തൂഫാനി യാദവിനോട് പറഞ്ഞു. തൂഫാനിയുടെ ഭാര്യ സിന്ധു ദേവിയുടേയും അമ്മ കുന്തി ദേവിയുടേയും അച്ഛന്‍ ഫുലേശ്വരുടേയും അറിവോടെയാണ് ഈ ക്രൂരകൃത്യം നടന്നത്. കൊലയ്ക്ക് മുമ്പ് മന്ത്രവാദി തൂഫാനിയുടെ വീട്ടില്‍ ചില പൂജാകര്‍മ്മങ്ങളും ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍, തൂഫാനിയും ഭാര്യയും അമ്മയും ബന്ധുവും പോലീസ് കസ്റ്റഡിയിലാണ്. പിതാവിനായി തിരച്ചില്‍ തുടരുകയാണ്.
Post Your Comments