ന്യൂഡൽഹി: നൂറാമത്തെ കിസാൻ റെയിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്രയിലെ സംഗോളയിൽ നിന്നും പശ്ചിമ ബംഗാളിലെ ഷാലിമാറിലേയ്ക്കുള്ള കിസാൻ റെയിൽ പദ്ധതിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.ചടങ്ങിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ എന്നിവർ പങ്കെടുത്തു.
കർഷക ശാക്തീകരണത്തിനും അവരുടെ സമ്പാദ്യം വർധിപ്പിക്കാനുമുള്ള വലിയ ചുവടുവെയ്പ്പാണ് കിസാൻ റെയിൽ എന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. കൊറോണ പ്രതിസന്ധികളെയെല്ലാം തരണം ചെയ്താണ് പദ്ധതി പൂർത്തിയാക്കിയതെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ കോടിക്കണക്കിന് കർഷകർക്ക് നന്ദി പറയുകയും ചെയ്തു.
ഓഗസ്റ്റ് 7നാണ് കിസാൻ റെയിലിന്റെ ആദ്യ സർവീസിന് കേന്ദ്ര കൃഷിമന്ത്രി തുടക്കം കുറിച്ചത്. ദെവ്ലാലിയിൽ നിന്നും ധനാപൂരിലേക്കായിരുന്നു സർവ്വീസ്. പിന്നീട് ആവശ്യം കണക്കിലെടുത്ത് മുസാഫർപൂർ വരെ സർവ്വീസ് നീട്ടുകയായിരുന്നു. പദ്ധതിയുടെ ആരംഭത്തിന് ശേഷം ഇതുവരെ 27,000 ടൺ ഭക്ഷവസ്തുക്കളാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ എത്തിയത്. പഴ, പച്ചക്കറി വർഗങ്ങളുടെ ചരക്ക് നീക്കത്തിന് കേന്ദ്രസർക്കാർ 50 ശതമാനം സബ്‌സിഡിയും നൽകുന്നുണ്ട്.
Post Your Comments