KeralaLatest NewsNews

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പങ്കുവച്ച 41 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഓപ്പറേഷൻ പി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് 41 പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി അവർ ഉൾപ്പെടുന്ന ലൈംഗിക ദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ പി- ഹണ്ട് എന്ന പദ്ധതി പോലീസ് നടപ്പാക്കിയിരിക്കുന്നത്. സൈബർ ഡോമിന്റെ കീഴിലുള്ള കൗണ്ടറിങ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലൊറേഷൻ ടീമാണ് ഓൺലൈൻ ലോകത്തെ ഇത്തരം കുറ്റവാളികളെ കണ്ടെത്തി വിവരം ശേഖരിക്കുന്നത്.

പി- ഹണ്ടിന്റെ ഭാഗമായി 596 കേന്ദ്രങ്ങളെ തിരിച്ചറിയുകയും അവ ജില്ലാ പോലീസ് മേധാവികൾക്ക് തരംതിരിച്ച് കൈമാറുകയും ചെയ്യുകയുണ്ടായി. തുടർന്ന് 320 ടീമുകളായി തിരിഞ്ഞ് ഡിസംബർ 27 ഞായറാഴ്ച ജില്ലാ പോലീസ് മേധാവികളുടെ മേൽനോട്ടത്തിൽ സംസ്ഥാനത്തെമ്പാടും കണ്ടെത്തിയ കേന്ദ്രങ്ങളിൽ റെയ്‌ഡ് നടത്തുകയുണ്ടായി. ഈ നടപടിയിലാണ് 41 പേർ അറസ്റ്റിൽ ആയിരിക്കുന്നത്.

റെയ്‌ഡിന്റെ ഭാഗമായി 392 ഡിവൈസുകൾ പിടിച്ചെടുത്തു. മൊബൈൽ ഫോണുകൾ,ടാബുകൾ, ഹാർഡ് ഡിസ്കുകൾ, മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ എന്നിവയാണ് പിടിച്ചെടുത്തത്. 339 കേസുകൾ രജിസ്റ്റർ ചെയ്തു. ആറു മുതൽ 15 വയസ് വരെയുള്ള കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ഇവയിൽനിന്ന് കണ്ടെത്തുകയുണ്ടായി. ഇത്തരം ദൃശ്യങ്ങൾ അധികവും അതാത് പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളുടേതാണെന്ന് വ്യക്തമായിട്ടുണ്ട്.

അറസ്റ്റിലായവരിൽ കൂടുതലും യുവാക്കളാണ്. ഐടി പ്രൊഫഷണലുകൾ ഉൾപ്പെടെ ഉന്നത ജോലികൾ ചെയ്യുന്നവരാണ് അധികവും. ഇവരിൽ ചിലർ കുട്ടികളെ കടത്തുന്നവരാണെന്ന സംശയവും പോലീസിനുണ്ട്. ഇത്തരത്തിലുള്ള ചില ചാറ്റുകൾ ഇവരുടെ ഫോണിൽ നിന്ന് കണ്ടെത്തുകയുണ്ടായി.

കുട്ടികളുടെ നഗ്ന ചിത്രങ്ങൾ എടുക്കുകയോ അവ പ്രചരിപ്പിക്കുകയോ ശേഖരിച്ച് സൂക്ഷിക്കുകയോ ചെയ്യുന്നത് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാനും 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാനും ഇടയാക്കുന്ന കുറ്റകൃത്യമാണ്. ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവരേപ്പറ്റി വിവരം ലഭിച്ചാൽ അത് പോലീസിന്റെ ഹൈടെക് സെല്ലിനെ അറിയിക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button