
അഭയ കേസില്‍ താന്‍ നിരപരാധിയാണെന്ന് പ്രതി ഫാ. തോമസ് എം. കോട്ടൂര്‍. സിബിഐ കോടതി കുറ്റക്കാരാണെന്ന് വിധിച്ചശേഷം വൈദ്യപരിശോധനകൾക്കായി എത്തിച്ചപ്പോഴായിരുന്നു ഫാദർ തോമസ് പ്രതികരിച്ചത്. കോടതി വിധിയില്‍ ഒന്നും പറയാനില്ല. ദൈവം കൂടെയുണ്ട്. കുറ്റം ചെയ്തിട്ടില്ല. നിരപരാധിയാണ്. ഇത്തരത്തിലൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും ഫാദർ പറഞ്ഞു.
മേല്‍ക്കോടതിയെ സമീപിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഫാ. തോമസ് എം. കോട്ടൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വിധി പറഞ്ഞപ്പോൾ സിസ്റ്റർ സെഫി കോടതിമുറിക്കുള്ളിൽ വെച്ച് പൊട്ടിക്കരഞ്ഞിരുന്നു. പക്ഷേ, സിസ്റ്റർ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
Also Read: സിസ്റ്റർ അഭയ കേസിലെ പ്രതികളെ ജയിലിലേക്ക് മാറ്റി
അഭയ കേസില്‍ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നാണ് സിബിഐ കോടതി വിധിച്ചത്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. പ്രതികള്‍ക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി.
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെറ്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതേദഹം കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും തുടക്കത്തില്‍ ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് സി.ബി.ഐ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിയുന്നത്. പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം കണ്ടതു കൊണ്ടാണ് അഭയയെ കൊലപ്പെടുത്തി കിണറ്റിലിട്ടതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.
Post Your Comments