വാഗമണ്‍: ലഹരി നിശാപാര്‍ട്ടി സംഘടിപ്പിച്ച വാഗമണിലെ സി.പി.ഐ ഏലപ്പാറ ലോക്കല്‍ സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍. ഏലപ്പാറ ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അധ്യക്ഷനുമായ ഷാജി കുറ്റിക്കാടിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ലിഫ് ഇന്‍ റിസോര്‍ട്ട്. ഷാജി കുറ്റിക്കാടനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ ശിവരാമന്‍ അറിയിച്ചു. ഇതിനിടെ ലഹരി നിശാപാര്‍ട്ടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരുയുവതിയടക്കം ഒന്‍പത്പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
അതേസമയം നിശാപാര്‍ട്ടിയില്‍ ബിനീഷ് കോടിയേരിയുടെ സുഹൃത്തും ഉണ്ടായതായാണ് റിപ്പോർട്ട് . കണ്ണൂര്‍ സ്വദേശിയായ അനസ് സൂക്കാണ് നിശാപാര്‍ട്ടിയില്‍ പങ്കെടുത്തത്. അനസിന്റെ സാന്നിധ്യം അന്വേഷണ സംഘം സ്ഥിരീകരിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷിന്റെ ബിനാമിയെന്ന സംശയത്തില്‍ അനസ് സൂക്കിനെ എന്‍ഫോഴ്സ് ഡയറക്ടറേറ്റ് നേരത്തേ ചോദ്യം ചെയ്തിരുന്നു. ജന്മദിനാഘോഷത്തിന്റെ മറവിലായിരുന്നു നിശാപാര്‍ട്ടി സംഘടിപ്പിച്ചത്.
ബര്‍ത്ത്ഡേ പാര്‍ട്ടിക്ക് വേണ്ടി എന്ന വ്യാജേന വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലെ 11 മുറികള്‍ സംഘം ബുക്ക് ചെയ്തു. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിശാപാര്‍ട്ടി നടത്താനുള്ള എല്ലാ അസൂത്രണവും ഇക്കൂട്ടര്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് ലഹരി ആഘോഷ രാവില്‍ പങ്കെടുക്കാന്‍ പ്രതികള്‍ക്ക് പുറമെ 58 പേര്‍ റിസോര്‍ട്ടിലേക്ക് എത്തിയത്. പത്ത് മണിയോടെ പാര്‍ട്ടി ആരംഭിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍ നര്‍കോട്ടിക്ക് മിന്നല്‍ പരിശോധനയില്‍ നിശാപാര്‍ട്ടി സംഘത്തിന് മേല്‍ പിടിവീണു.
എല്‍എസ്‍ഡി സ്റ്റാമ്പ് , ഹാഷിഷ്, കഞ്ചാവ് തുടങ്ങിയ മാരക ലഹരി വസ്തുക്കളാണ് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്. അതേസമയം ലഹരി പാര്‍ട്ടി കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. ജില്ലയിലെ ഇടതുനേതാക്കളുടെ നിര്‍ദേശപ്രകാരം കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതായി ഡി.സി.സി അധ്യക്ഷന്‍ ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു. നക്ഷത്ര ആമകളെ കൈവശം വെച്ച കേസിലും മ്ലാവിറച്ചി റിസോര്‍ട്ടില്‍ വിളമ്പിയ കേസിലും ഇയാള്‍ ആരോപണ വിധേയനാണെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു.
read also: ബംഗാളിൽ തൃണമൂൽ ബിജെപി പോര് വിവാഹ മോചനത്തിലെത്തി, അപൂർവ്വ സംഭവം
പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അജ്മല്‍, മെഹര്‍ ഷെറിന്‍, നബീല്‍, സല്‍മന്‍ ഷൗക്കത്ത്, മുഹമ്മദ് റഷീദ്, നിഷാദ്, ബ്രസ്റ്റി വിശ്വാസ് എന്നിവരെ പൊലീസ് പിടികൂടിയത്. ഇവരാണ് ലഹരിമരുന്ന് പാര്‍ട്ടിയുടെ സംഘടകര്‍. നിശാപാര്‍ട്ടിക്ക് ലഹരി മരുന്നുകള്‍ എത്തിച്ചത് മഹാരാഷ്ട്ര, ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ നിന്നുമാണെന്നും പ്രതികള്‍ക്കെതിരെ എന്‍ ഡി പി എസ് ആക്‌ട് പ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
Post Your Comments