ലക്നൗ : ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ 5,000 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തിയതായുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ക്ഷേത്രത്തിന്റെ ഒരു ചിത്രമടക്കമാണ് ഈ വാര്‍ത്ത വൈറലായത്. അയോധ്യയില്‍ റോഡ് വീതി കൂട്ടുന്നതിനിടെയാണ് ഈ ക്ഷേത്രം കണ്ടെത്തിയതെന്നായിരുന്നു വൈറല്‍ വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നത്. മാത്രമല്ല ഇനിയും ഇവിടെ നിന്ന് നിരവധി ക്ഷേത്രങ്ങള്‍ കണ്ടെത്തുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
”അയോധ്യ രാമജന്മ ഭൂമിയില്‍ റോഡ് വീതി കൂട്ടുമ്പോള്‍ 5000 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി. ഇക്കാലമത്രയും മൂടിക്കിടന്ന ക്ഷേത്രത്തിനു മുകളില്‍ പ്രദേശവാസികള്‍ വീട് നിര്‍മിച്ചിരുന്നു. വരും ദിവസങ്ങളില്‍ ഇനിയും നിരവധി ക്ഷേത്രങ്ങള്‍ കണ്ടെടുക്കും. ജയ്ശ്രീറാം സന്തോഷ വാര്‍ത്ത : ക്ഷേത്രങ്ങളുടെ നവീകരണം ആരംഭിച്ചു.” – ഇങ്ങനെ ഒരു കുറിപ്പായിരുന്നു ചിത്രത്തോടൊപ്പം പ്രചരിച്ചത്.
ഇപ്പോള്‍ ഈ വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം പുറത്ത് വന്നിരിക്കുകയാണ്. ഈ വാര്‍ത്ത വ്യാജമാണെന്നാണ് ഫാക്ട് ചെക് മാധ്യമങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായത്. ചിത്രത്തില്‍ കാണുന്ന ക്ഷേത്രം ഉത്തര്‍പ്രദേശ് വാരണാസിയില്‍ കാശി വിശ്വനാഥ് കോറിഡോര്‍ പദ്ധതിയുടെ ഭാഗമായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ചന്ദ്രഗുപ്ത മാധവ ക്ഷേത്രമായിരുന്നു. മാത്രമല്ല ഈ ക്ഷേത്രത്തിന് 300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കവുമില്ലായിരുന്നു. ഈ ക്ഷേത്രത്തിന്റെ ചിത്രം വെച്ചാണ് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തിയത്.
Post Your Comments