![](/wp-content/uploads/2020/12/marriage.jpg)
ബെലഗാവി : മാതാപിതാക്കള്‍ അറിയാതെ നടത്താനൊരുങ്ങിയ തന്റെ 16 വയസ്സുള്ള സഹോദരിയുടെ ബാലവിവാഹം സഹോദരന്‍ തടഞ്ഞു. കര്‍ണാടകയിലെ ഗോകക് താലൂക്കിലെ കൊന്നുരു ഗ്രാമത്തിലാണ് വെള്ളിയാഴ്ച സംഭവം നടന്നത്. പച്ചക്കറി വില്‍പ്പനക്കാരാണ് 21 കാരനായ രാജു മെഗന്നാവര്‍ എന്ന യുവാവിന്റെ മാതാപിതാക്കള്‍.
കൊറോണ വൈറസ് പകര്‍ച്ചവ്യാധി കാരണം രാജുവിന്റെ കുടുംബത്തിന് സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അവസ്ഥ കണ്ട് അവരുടെ അമ്മായി സഹായം വാഗ്ദാനം ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം പി.യു.സി പൂര്‍ത്തിയാകുന്നതു വരെ ഉറപ്പാക്കുമെന്ന് അവര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് രണ്ട് മാസം മുമ്പ് പെണ്‍കുട്ടിയെ അമ്മായിയുടെ വീട്ടിലേക്ക് കൊണ്ടു പോയി. ഈ സമയത്ത്, അമ്മായി 16 വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം തന്റെ മകനുമായി നിശ്ചയിക്കുകയായിരുന്നു.
വെള്ളിയാഴ്ചയാണ് അമ്മായി വസതിയില്‍ വച്ച് അവരുടെ വിവാഹം നടത്താന്‍ തീരുമാനിക്കുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ രാജുവിനോട് ഇടപെട്ട് വിവാഹം തടയാന്‍ ആവശ്യപ്പെടുകയായിരുന്നു. രാജു അമ്മായിയുടെ വീട്ടില്‍ എത്തിയപ്പോള്‍ വിവാഹ ആഘോഷത്തിനായി വീട് അലങ്കരിച്ചിരിക്കുന്നതാണ് കണ്ടത്. തുടര്‍ന്ന്, രാജു പോലീസില്‍ വിളിച്ചു പരാതി നല്‍കുകയായിരുന്നു. ഉടന്‍ തന്നെ ഒരു സംഘം വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് എത്തുകയും വിവാഹം തടയുകമായിരുന്നു. പെണ്‍കുട്ടിക്ക് നിയമപരമായ വിവാഹ പ്രായം എത്തുന്നതു വരെ വിവാഹം നടത്തരുതെന്ന് പോലീസുകാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments