News

‘മാളത്തിലിരുന്ന’ മുഖ്യൻ തലപൊക്കിയപ്പോൾ; അപ്രതീക്ഷിതമായി ബംബർ ലോട്ടറി കിട്ടിയാൽ ഇങ്ങനിരിക്കും!

ഇപ്പോൾ വിരിഞ്ഞ ചുവന്ന പൂവ് താനേ കൊഴിഞ്ഞ് കൊള്ളും

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഞെട്ടിയത് ബിജെപിയല്ല, കോൺഗ്രസുമല്ല മറിച്ച് ഭരണപക്ഷമാണ്. സ്വപ്നമാണോയെന്ന് അറിയാൻ സി.പി.എം പലയാവർത്തി സ്വന്തം കൈയിൽ നുള്ളി നോക്കിയിട്ടുണ്ടാകാം. അബദ്ധത്തിൽ ബംബർ ലോട്ടറി അടിച്ചവന്റെ അവസ്ഥയായിരുന്നു ഫലം വന്ന ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ ഇരുന്നപ്പോൾ കണ്ടത്.

തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ‘മാളത്തിലിരുന്ന മുഖ്യൻ’ ജയിച്ചപ്പോൾ ‘തലപൊക്കി, കൈവീശി പുറത്തേക്ക്’ വരുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 22 മുതല്‍ 30 വരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പര്യടനം നടത്തും. തെരഞ്ഞെടുപ്പിൽ മുഖ്യന്റെ മുഖം പോലും പോസ്റ്ററുകളിൽ വെയ്ക്കാൻ നേതൃത്വത്തിന് ധൈര്യമുണ്ടായിരുന്നില്ല. ആ നേതൃത്വമാണ് ജയിച്ച് കഴിഞ്ഞപ്പോൾ മുഖ്യനെ പിടിച്ച് ഉമ്മറത്ത് കൊണ്ടിരുത്തുന്നത്.

Also Read: മൂന്ന് തവണ വിളിച്ചു, ഒഴിഞ്ഞു മാറിയെങ്കിലും സ്വപ്ന സമ്മതിച്ചില്ല;- സ്പീക്കറുടെ കുമ്പസാരം

സ്വർണക്കടത്തും മയക്കുമരുന്നും അഴിമതിയും അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളുമായി വിവാദത്തിന്റെ ഉച്ചിയിൽ നിൽക്കുമ്പോഴാണ് തെരഞ്ഞെടുപ്പും പിന്നാലെ ഫലവും വരുന്നത്. പ്രതീക്ഷയ്ക്ക് യാതോരു വകയുമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഒരു സ്ഥാനാർത്ഥിയുടെയും പോസ്റ്ററുകളിൽ സംസ്ഥാനം ഭരിക്കുന്ന മുഖ്യന്റെ, ഇടതുപക്ഷം കൊട്ടിഘോഷിക്കുന്ന ക്യാപ്റ്റന്റെ, കുട്ടിസഖാക്കൾ ആവേശത്തോടെ പറയുന്ന ഇരട്ടച്ചങ്കന്റെ മുഖം പ്രത്യക്ഷപ്പെട്ടില്ല. ഒരൊറ്റ കാരണമായിരുന്നു, ഭയം!.

ഉള്ള വോട്ടെങ്കിലും കിട്ടുന്നെങ്കിൽ കിട്ടട്ടേ മുഖ്യന്റെ പടം വെച്ചിട്ട് ഇനി കിട്ടാതിരിക്കണ്ട എന്ന് ആരായാലും ചിന്തിച്ച് പോകും. ഉമ്മൻ ചാണ്ടി – സോളാർ – സരിത കേസ് ഓരോ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് ആയുധമായി പ്രയോഗിച്ചു. കോൺഗ്രസിനു നേരെ എയ്യുന്ന മൂർച്ചയേറിയ അമ്പ് തന്നെയാണ് എക്കാലവും സോളാർ കേസ്. അതുപോലൊരു ആയുധം തന്നെയായിരുന്നു സ്വപ്ന സുരേഷ് – സ്വർണക്കടത്ത് കേസും. എന്നാൽ, വേണ്ടരീതിയിൽ പ്രയോഗിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചില്ല. പ്രതിപക്ഷത്തിന്റെ ഈ കഴിവില്ലായ്മ തന്നെയാണ് ഇടതു പക്ഷത്തിനു ഗുണം ചെയ്തത്.

Also Read: ദേവന്റെ സ്വത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കല്ല, ദേവസ്വം ബോര്‍ഡ് നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി

ജനരോഷം ഭയന്ന് മുഖ്യൻ അടക്കമുള്ളവർ പ്രചരണത്തിനിറങ്ങിയില്ല. പക്ഷേ, പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. എൽ.ഡി.എഫിനെ പോലും അമ്പരപ്പിച്ച് അവർ മികച്ച വിജയം സ്വന്തമാക്കി. സംഘടിത നുണപ്രചാരണത്തിന് ജനങ്ങള്‍ നല്‍കിയ മറുപടി എന്നാണ് ജയത്തെ കുറിച്ച് മുഖ്യമന്ത്രി നൽകിയ മറുപടി. സ്വർണക്കടത്ത് കേസ് താനുദ്ദേശിച്ച സ്ഥലത്ത് നിന്നും വഴിമാറി തന്നിലെക്ക് തന്നെ വരുന്നത് തിരിച്ചറിഞ്ഞ മുഖ്യന് പിന്നീടുള്ള ഒരു മാസക്കാലം മറ്റൊന്നിലും ശ്രദ്ധ നൽകാൻ സാധിച്ചില്ല. രാവും പകലും ‘തലമൂത്ത’ തലയ്ക്കകത്ത് സ്വർണക്കടത്ത് കേസ് മാത്രം.

ഓരോ ദിവസത്തേയും ‘ആറുമണി തള്ളി’ന് പണ്ടത്തെ വീര്യം ഇല്ലാതായി. വാർത്താസമ്മേളനങ്ങൾ അങ്ങേയറ്റം യാന്ത്രികവും അരോചകവുമായി തീർന്നു. ആവർത്തനവിരസത കാണുന്നവർക്കും അനുഭവപ്പെട്ടു. യാതോരു ശ്രദ്ധയുമില്ലാതെയായിരുന്നു ഓരോ ദിവസും മുഖ്യമന്ത്രി പത്രസമ്മേളനത്തിനു വന്നിരുന്നതെന്ന് വ്യക്തം. കെ ഫോൺ പദ്ധതിയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കവേ മറുപടിയായി ‘ആ ഫോണ്‍’
എന്നുവരെ അദ്ദേഹം പറഞ്ഞു.

Also Read: മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന് കോവിഡ് ബാധ

അഴിമതിയെ കുറിച്ചും ഭരണ പിഴവിനെ കുറിച്ചും ചോദിക്കവേ അതെല്ലാം കേരളത്തെ തകർക്കാൻ കേന്ദ്ര ഏജൻസികൾ നടത്തുന്ന കളികളാണെന്നായിരുന്നു യാതോരു ഉളുപ്പുമില്ലാതെ മുഖ്യൻ മറുപടി നൽകിയിരുന്നത്. കൂടുതൽ ചോദ്യങ്ങളൊന്നും മാധ്യമപ്രവർത്തകർ അറിയാതെ പോലും ചോദിച്ച് കളയരുത്. എഴുതിക്കൊണ്ട് വന്ന പ്രസംഗം കഴിഞ്ഞാൽ പിന്നെ എന്ത് പറയണമെന്ന് വ്യക്തമല്ലാത്ത മുഖ്യനെ ഈ എട്ടുമാസക്കാലത്തെ പത്രസമ്മേളനം കൊണ്ട് തന്നെ ഏവരും മനസിലാക്കി കഴിഞ്ഞു.

‘വേറെ ഒന്നും ഇല്ലല്ലോ’ എന്ന് ചോദിച്ച് പത്രസമ്മേളനം അവസാനിപ്പിക്കുന്ന മുഖ്യൻ. അതിനർത്ഥം, ഇനി വേറെ ഒന്നും ചോദിക്കണ്ട എന്ന് തന്നെ. ഇനി അഥവാ ഉണ്ടെന്നെങ്ങാനും ആരെങ്കിലും പറഞ്ഞാലും കാര്യമില്ല. അതിനുമുൻപേ മുഖ്യൻ എത്തേണ്ടിടത്ത് എത്തിയിട്ടുണ്ടാകും. വികസന കണക്കുകൾ കൊണ്ട് അഴിമതി കണക്കുകൾ മൂടിവെയ്ക്കാൻ. അല്ലെങ്കിൽ അവയെല്ലാം മറന്നെന്ന് ജനങ്ങളെ കൊണ്ട് പറയിപ്പിക്കാൻ പിണറായിക്ക് കഴിഞ്ഞു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

തെരഞ്ഞെടുപ്പ് കാലത്ത് പോലും സർക്കാർ നടത്തിയ അഴിമതികളെ ന്യായീകരിക്കാനുള്ള പെടാപ്പാടിലായിരുന്നു സോഷ്യൽ മീഡിയയിലെ സഖാക്കൾ. അഴിമതികളെക്കുറിച്ച് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികളെ പിന്തിരിപ്പിക്കാൻ പ്രധാനമന്ത്രിക്ക് എത്ര കത്തുകുത്തുകൾ എഴുതിയിട്ടും കാര്യമില്ല മുഖ്യമന്ത്രീ… പ്രധാനമന്ത്രിക്കസേരയിൽ ഇരിക്കുന്നത് നരേന്ദ്ര മോദി ആണ്. അഴിമതി ആരോപണങ്ങളിൽ കഴമ്പുണ്ടോയെന്ന് വ്യക്തമായ അന്വേഷണത്തിലൂടെ തെളിയും. ആരോപണങ്ങൾ തെളിയിച്ചിട്ടേ അന്വേഷണ സംഘം കേരളം വിടൂ. അതോടെ, ഇപ്പോൾ വിരിഞ്ഞ ചുവന്ന പൂവ് താനേ കൊഴിഞ്ഞ് കൊള്ളും. അതിനിനി അധികം സമയമൊന്നും വേണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button